ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഷൂട്ടിംഗിൽ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം സമ്മാനിച്ചത്. 236.5 പോയിന്റുമായാണ് മനു സ്വർണം നേടിയത്. റഷ്യൻ താരം ഇയാന എനീന വെള്ളി നേടി. ഇതോടെ ഇന്ത്യയ്ക്ക് രണ്ട് സ്വർണവും മൂന്ന് വെള്ളിയുമടക്കം അഞ്ച് മെഡലായി.
ഇക്കുറി ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരമാണ് പതിനാറുകാരിയായ മനു ഭാക്കർ. കഴിഞ്ഞ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിലും മനു സ്വർണം നേടിയിരുന്നു.
15 വയസ്സിനും18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കായാണ് യൂത്ത് ഒളിംപിക്സ് സംഘടിപ്പിക്കുന്നത്. 2014 ൽ ചൈനയിലെ ഞാൻജിംഗിൽ നടന്ന യൂത്ത് ഒളിംപിക്സിൽ ഇന്ത്യ ഒരു വെള്ളിയും വെങ്കലവും നേടിയിരുന്നു. ഈ നേട്ടമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.