തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഈ മാസം പതിനേഴിന് ആരംഭിക്കും. വരുമാനത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് കെസിഐ അറിയിച്ചു.
ടിക്കറ്റ് വിൽപ്പന കായിക മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപ്പന. മത്സരത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
1000, 2000, 3000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പേടിഎമ്മുമായി സഹകരിച്ചാണ് ടിക്കറ്റ് വിൽപ്പന. ഓണ്‍ലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റിന്റെ പകർപ്പ് ഉപയോഗിച്ചോ ബുക്ക് ചെയ്തതിന്റെ പ്രിന്റുമായോ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.
അതേസമയം, മത്സരത്തിനായി ടീമുകൾ ഒക്ടോബർ 30ന് ഉച്ചയോടെ എത്തും. ജെറ്റ് എയർവെയ്സിന്റെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡോമസ്റ്റിക് ടെർമിനലിലെത്തുന്ന ടീമുകൾ കോവളത്തെ സ്വകാര്യ റിസോർട്ടിൽ തങ്ങും.
31ന് രാവിലെ വിൻഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യൻ ടീമും പരിശീലനത്തിനിറങ്ങും.