14 വർഷം നീണ്ട കരിയറിന് വിരാമമിട്ട് വിൻഡീസ് ഓൾ റൗണ്ടർ ഡ്വെയിൻ ബ്രാവോ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മുപ്പത്തിയഞ്ചുകാരനായ ബ്രാവോ അവസാനമായി വിന്‍ഡീസ് കുപ്പായമണിഞ്ഞത് 2016 സെപ്തംബറിലായിരുന്നു. എന്നാൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടരുമെന്ന് ബ്രാവോ അറിയിച്ചു.
2004-ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ബ്രാവോ വിന്‍ഡീസിനായി 40 ടെസ്റ്റും 164 ഏകദിനവും 66 ടിട്വിന്റി മത്സരവും കളിച്ചിട്ടുണ്ട്. വിൻഡീസ് രണ്ട് തവണ ട്വിന്റി20 ലോകകപ്പ് ഉയർത്തിയപ്പോഴും ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ബ്രാവോ.
വരും തലമുറയ്‌ക്ക് അവസരം കൊടുക്കുന്നതിനുമായി തന്റെ മുന്‍ഗാമികള്‍ ചെയ്തത് പോലെ താനും വഴിമാറിക്കൊടുക്കുന്നുവെന്ന് ഇന്നലെ പുറത്തുവന്ന ബ്രാവോയുടെ രാജിക്കത്തിൽ പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ, ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ലയൺസ് ടീമുകൾക്കുവേണ്ടി കളിച്ച ബ്രാവോ ഇന്ത്യൻ ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ്.















