എഫ് ഓ ഐ ഇവെന്റ്സ്, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെയാണ് ദീപാവലി ഉത്സവം സംഘടിപ്പിച്ചത്. ദുബായ്, മുഹ്സിനയിലെ എത്തിസലാത് അക്കാദമി ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞ കാണികൾ ഭാരതത്തിന്റെ നാനാത്വത്തിലെ ഏകത്വം വിളിച്ചോതുന്നതായിരുന്നു. വൈകിട്ട് മൂന്ന് മണിക്കാരംഭിച്ച രംഗോളി മത്സരങ്ങളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വിവിധ വർണങ്ങൾ ചാലിച്ച കളങ്ങളിൽ ഇന്ത്യയും യു എ ഇ യുമായുള്ള ബന്ധം വരച്ചു ചേർത്തിരുന്നു. വൈകിട്ട് ആറു മണിക്ക് കുംകുമ വർണ പതാകയേന്തിയ കലാകാരന്മാരുടെ കേളികൊട്ടോടെ കലാപരിപാടികളുടെ അരങ്ങുണർന്നു. ദുബായ് പോലീസിന്റെ ഔദ്യോഗിക ബാൻഡ് സംഘം യു എ ഇ യുടെയും, ഭാരതത്തിന്റെയും ദേശീയഗാനം അവതരിപ്പിച്ചത് ദീപാവലി ഉത്സവത്തിനെ വേറിട്ടതാക്കി. ചരിത്രത്തിലാദ്യമായാണ് ഭാരതത്തിന്റെ ഒരു ഉത്സവാഘോഷവേദിയിൽ ദുബായ് പോലീസിന്റെ ബാൻഡ് സംഘം അണിനിരക്കുന്നത്. തുടർന്ന് നടന്ന ലളിതമായ ചടങ്ങിൽ ദുബായ് പോലീസ്ന്റെ ഔദ്യോഗിക പ്രതിനിധി കേണൽ താരിഖ് സുൽത്താൻ അൽ സുവൈദി, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ എന്നിവർ ചേർന്ന് ദീപാവലി ഉത്സവത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. എഫ് ഓ ഐ ഇവെന്റ്സ്ന്റെ സി എസ് ആർ കോ ഓർഡിനേറ്റർ എൻ മോഹൻ സ്വാഗതവും, ഇവന്റ് കോ ഓർഡിനേറ്റർ നന്ദിയും പറഞ്ഞു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത നൃത്ത ഇനങ്ങൾ തുടർന്ന് വേദിയിലെത്തി. പ്രശസ്ത ഗായകൻ നരേഷ് അയ്യരും, ബെന്നറ്റ് ആൻഡ് ബാൻഡ് സംഘവും ചേർന്നൊരുക്കിയ സംഗീത നിശയോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്. ജനം ടി വി ആയിരുന്നു ദീപാവലി ഉത്സവത്തിന്റെ ദൃശ്യ മാധ്യമ പങ്കാളി.