കണ്ണൂർ: എൻഡിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നേരെ കല്ലേറ്. പയ്യന്നൂർ കാലിക്കടവിലാണ് യാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. എൻഡിഎ സംസ്ഥാന ചെയർമാൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിന് കേടുപാടുകളില്ല.
ആക്രമണത്തെ തുടർന്ന് കനത്ത പൊലീസ് കാവലിലാണ് യാത്ര പയ്യന്നൂരിലേക്ക് പ്രവേശിക്കുന്നത്.
എൻഡിഎ സംസ്ഥാന ചെയർമാൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയും സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ഇന്നാണ് കാസർകോട് മധൂർ ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ചത്.
കർണാടക മുൻമുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയായിരുന്നു യാത്ര ഉദ്ഘാടനം ചെയ്തത്. ആദ്യ ദിവസത്തെ പര്യടനം ഇന്ന് പയ്യന്നൂരിൽ അവസാനിക്കും. വിവിധ ജില്ലകളിൽ പര്യടനം നടത്തുന്ന രഥയാത്ര ഈ മാസം 13ന് പത്തനംതിട്ടയിൽ അവസാനിക്കും.