ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഫേസ്ബുക്കിലൂടെയാണ് ഗംഭീർ വിരമിക്കൽ പ്രഖ്യാപിച്ചത്. 2016 ൽ ആയിരുന്നു ഗംഭീർ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 2007 ലെ ട്വന്‍റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
ഗൗതം ഗംഭീറും പാഡഴിക്കുന്നു…. രാജ്യത്തിനായി ഒരു വിരമിക്കൽ മത്സരത്തിന് കാത്തുനിൽക്കാതെ. സച്ചിൻ ടെൻഡുൽക്കറിനും വീരേന്ദർ സേവാഗിനുമൊപ്പം ഇന്ത്യയുടെ ഓപ്പണിംഗിൽ ബാറ്റിംഗ് നിരയിൽ ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിന് അവിചാരിതമായി ഒരു വിരാമമിടൽ. ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന ഫോം കാഴ്ചവച്ചിട്ടും ഇന്ത്യൻ നിരയിലേക്ക് സെലക്ടർമാർ പരിഗണക്കാതെ വന്നതോടെയാണ് ഗംഭീർ പാഡഴിക്കാൻ തീരുമാനിച്ചത്.
ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും മിന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന കാലഘട്ടത്തിലാണ് ഗംഭീറിന് ടീമിൽ സ്ഥാനം നഷ്ടമായത്. 2011 ലെ ഏകദിന ലോകകപ്പ് ഫൈനലിലെ 97 റൺസടക്കം ഇന്ത്യൻ ജയത്തിന് നിർണ്ണായകമായ ഒട്ടേറെ ഇന്നിംഗ്സുകൾ. 2007 ലെ ട്വന്‍റി 20 ലോകകപ്പിലും മഹാമേരുവായി ഗംഭീർ നിലകൊണ്ടു.
147 ഏകദിന മത്സരങ്ങളിൽ 11 സെഞ്ചുറികളും 34 അർദ്ധ സെഞ്ചുറികളും അടക്കം അടിച്ചുകൂട്ടിയത് 5238 റൺസ്. ടെസ്റ്റിൽ 42 റൺസ് ശരാശരിയോടെ 58 മത്സരങ്ങളിൽ നിന്നും 4154 റൺസ്. ട്വന്‍റി 20 യിലെ 37 മത്സരങ്ങളിൽ ഏഴ് അർദ്ധ സെഞ്ചുറി അടക്കം 932 റൺസ്. രാജ്യാന്തര ക്രിക്കറ്‍റ് കൗൺസിലിന്‍റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 2012 ലും 2014 ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിക്കാനും ഗംഭീറിനായി.
ആന്ധ്രയ്‌ക്കെതിരെ ഫിറോസ് ഷാ കോട്‍ലയിൽ നടക്കുന്ന രഞ്ജി ട്‍രോഫി മത്സരത്തിൽ ഡൽഹിയ്‌ക്കായി വിരമിക്കൽ മത്സരത്തോടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിനോടും ഗംഭീർ വിടപറയും.
https://www.facebook.com/GautamGambhir/videos/2441620749416527/















