മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആദ്യ ഷെഡ്യൂളിലെ അവസാന മത്സരം ഇന്ന്. കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് മത്സരം. സീസണിൽ ഒരു ജയം മാത്രം സ്വന്തമായുള്ള ബ്ലാസ്റ്റേഴ്സ് ആശ്വാസ ജയത്തിനായാണ് ഇറങ്ങുന്നത്.
കഴിഞ്ഞ ഏഴുമത്സരങ്ങളിൽ നിന്ന് തോൽവിയറിയാതെ കുതിക്കുകയാണ് മുംബൈ. ജോർജ് കോസ്റ്റയുടെ പരിശീലനത്തിൻ കീഴിൽ മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. ഗോവയോടു അഞ്ചു ഗോളിന് പരാജയപ്പെട്ട മുംബൈ അല്ല ഇപ്പൊ കളിക്കളത്തിലുള്ളത്. സുബാഷിഷ് ബോസിനെ ലെഫ്റ്റ് ബാക്കിലോട്ടു മാറ്റുകയും ജോയ്ൻറർ ലോറെൻകോയെ ലൂസിയൻ ഗോയാന്റെ പാർട്ണർ ആക്കിയതും ഫലവത്തായി.
കഴിഞ്ഞ പത്ത് മത്സരങ്ങളിലായി വിജയം കാണാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലനിൽക്കുന്നത്. ഇതുവരെ പതിനാലു ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് നേടിയിട്ടുള്ളത് പതിനൊന്നു ഗോളുകളാണ്.
വിജയ തുടക്കത്തോടെ വന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ന് റാങ്കിങ്ങിന്റെ അവസാന പകുതിയിലും തോൽവിയോടെ തുടങ്ങിയ മുംബൈ ഇന്ന് റാങ്കിങ്ങിന്റെ ആദ്യപകുതിയിലും ആണ്. ഇടവേളയ്‌ക്കു മുൻപുള്ള അവസാന മത്സരത്തിലെങ്കിലും വിജയം കണ്ടെത്താനാകുമോ ബ്ലാസ്റ്റേഴ്സിന് എന്നുള്ള പ്രതീക്ഷയിലാണ് മഞ്ഞപ്പട.
ഈ മത്സരത്തോടു കൂടി ലീഗ് ഇടവേളയിലേക്ക് പ്രവേശിക്കും. ഇതാദ്യമായാണ് ഇത്ര വലിയ ഇടവേളയിലേക്ക് ലീഗ് പ്രവേശിക്കുന്നത്. യുഎഇയിൽ വച്ച് നടക്കാനിരിക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായാണ് ഈ ഇടവേള. ഏഷ്യ കപ്പ് ഫുട്ബോൾ ഫെബ്രുവരി ഒന്നിന് അവസാനിക്കും.















