ലണ്ടന്‍: വിംബിള്‍ഡണ്‍ 2026 വനിതാ സിംഗിള്‍സ് ഫൈനലില്‍ ചരിത്രം കുറിച്ച് ചെക്കിയ. സെമിഫൈനലില്‍ വിജയിച്ച കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും ഫൈനലിലേക്ക് മുന്നേറിയതോടെ വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ആദ്യമായി രണ്ട് ചെക്ക് താരങ്ങള്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടുന്ന അപൂര്‍വ നേട്ടമാണ് പിറന്നത്.
ലണ്ടനില്‍ നടന്ന ആദ്യ സെമിയില്‍ അമേരിക്കന്‍ താരം കൊക്കോ ഗൗഫിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് കരോലിന മുചോവ വീഴ്‌ത്തിയത്. ആദ്യ സെറ്റ് 6-2ന് അനായാസം സ്വന്തമാക്കിയ മുചോവയ്‌ക്കെതിരെ രണ്ടാം സെറ്റില്‍ 6-1ന് ജയിച്ച് ഗൗഫ് ശക്തമായി തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടപ്പോള്‍ 12-10ന് മേല്‍ക്കൈ നേടിയ മുചോവ മത്സരവും (62, 16, 76) സ്വന്തമാക്കി. ഇതോടെ കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലിലേക്കാണ് താരം പ്രവേശിച്ചത്.
മറ്റൊരു സെമിഫൈനലില്‍ യുക്രെയ്ന്‍ താരം മാര്‍ട്ട കോസ്റ്റ്യൂക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (64, 64) തോല്‍പ്പിച്ചാണ് ലിന്‍ഡ നോസ്‌കോവ ഫൈനല്‍ ഉറപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ നോസ്‌കോവയ്‌ക്ക് ഇത് കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ പ്രവേശനവുമാണ്.
ഇരുവരുടെയും വിജയത്തോടെ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ പൂര്‍ണമായും ചെക്കിയയുടെ പോരാട്ടമായി മാറി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ചെക്ക് താരങ്ങള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്.
അതേസമയം, വനിതാ സിംഗിള്‍സ് ഫൈനലില്‍ ഒരേ രാജ്യത്തെ രണ്ട് താരങ്ങള്‍ ഏറ്റുമുട്ടുന്നത് 17 വര്‍ഷത്തിന് ശേഷമാണ്. അവസാനമായി 2009ലാണ് ഇത്തരമൊരു നേട്ടം സംഭവിച്ചത്. വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ആദ്യമായി ഇതിന് സമാനമായ ഫൈനല്‍ അരങ്ങേറിയത് 1971ലായിരുന്നു. അന്ന് ഓസ്ട്രേലിയയുടെ ഇവോണ്‍ ഗൂലഗോങ്ങും മാര്‍ഗരറ്റ് കോര്‍ട്ടും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കിരീടം ഗൂലഗോങ്ങിനായിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും തമ്മിലുള്ള പോരാട്ടം ചെക്ക് ടെന്നീസിന്റെ പുതിയ സുവര്‍ണ അധ്യായം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.















