കടൽ വെള്ളം ശുദ്ധീകരിച്ച് കുറഞ്ഞ ചിലവിൽ ശുദ്ധജലം വിതരണം ചെയ്യാനുള്ള നൂതന പദ്ധതിയുമായി യു എ ഇ ആസ്ഥാനമായ ടെക്ടോൺ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ എന്ന ഇന്ത്യൻ കമ്പനി. ഇന്ത്യയിൽ കേരളം, തമിഴ്നാട് എന്നീ സംസ്ഥാന സർക്കാരുകൾക്ക് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് രൂപരേഖ സമർപ്പിച്ചിട്ടുണ്ട് എന്ന് എം ഡി എസ് ലക്ഷ്മണൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ഷെരീഫ് എന്നിവർ അറിയിച്ചു. ഇന്ത്യയിൽ ലിറ്ററിന് അഞ്ചു പൈസ നിരക്കിൽ കുടിവെള്ളം വിതരണം ചെയ്യാനാവും എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യു എ ഇ യിൽ ഫെഡറൽ ജലവൈദ്യുത അതോറിറ്റിയുമായി പദ്ധതി നടത്തിപ്പിനുള്ള ധാരണ ആയിക്കഴിഞ്ഞു. അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയോടെ 2004 ൽ ആരംഭിച്ചതാണ് കമ്പനി.