ന്യൂഡല്‍ഹി: ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ഇന്ന് സര്‍വ്വസാധാരണമായിരിക്കുകയാണ്. ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കും. അടുത്തിടെ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയുടെ ഭാഗമായി കേരളത്തില്‍ 74 ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചിരുന്നു. ഗുരുതരമായ രീതിയില്‍ മായം കലര്‍ത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെളിച്ചെണ്ണ നിരോധിച്ചത്.
ഇതിന് മുന്‍പ് മെയ് 2018ല്‍ 45 ബ്രാന്‍ഡുകളും ജൂണില്‍ 51 ബ്രാന്‍ഡുകളും മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. ഭക്ഷണത്തില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവ എളുപ്പത്തില്‍ വീട്ടില്‍ വച്ച് തന്നെ കണ്ടുപിടിക്കാന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
വെളിച്ചെണ്ണയിലും ഇത്തരത്തില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് വീട്ടില്‍ വച്ച് തന്നെ പരിശോധിക്കാവുന്നതാണ്. നാല് ഘട്ടമായിട്ടുള്ള ഈ പരിശോധന എഫ്.എസ്.എസ്.എ.ഐ നിര്‍ദേശിക്കുന്നതാണ്.
* ഒരു ഗ്ലാസില്‍ പകുതിയോളം വെളിച്ചെണ്ണ എടുക്കുക.
* ഇത് 30 മിനിട്ട് നേരം ഫ്രിഡ്ജില്‍ വയ്‌ക്കുക (ഫ്രീസറില്‍ വയ്‌ക്കരുത്)
* അര മണിക്കൂറിന് ശേഷം ഗ്ലാസ് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുക്കുക
* മുഴുവന്‍ എണ്ണയും തണുത്ത് കട്ടിയായിട്ട് ഇരിക്കുകയാണെങ്കില്‍ അതില്‍ മായമില്ല. അതേസമയം കുറച്ച് എണ്ണ കട്ടി പിടിക്കാതെ മുകളില്‍ ദ്രാവക രൂപത്തില്‍ കിടക്കുന്നുണ്ടെങ്കില്‍ അത് മായം കലര്‍ന്ന വെളിച്ചെണ്ണയാണ്.















