ബംഗലൂരു: മദ്യപിച്ച് പട്ടികജാതി വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗലൂരു രാജാജി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അഞ്ചു പേരും.
ഹോസ്റ്റല്‍ മുറിയില്‍ കയറിയ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തന്നെ അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ടെറസിലേക്ക് വലിച്ച് കൊണ്ടുപോകുകയും അവിടെവെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു.
മദ്യ ലഹരിയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. മത്സ്യത്തൊഴിലാളിയുടെ മകനായ വിദ്യാര്‍ത്ഥി മാനസികമായി തകര്‍ന്ന നിലയിലാണ്.
മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി റാഗ് ചെയ്യാറുണ്ടെന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ മൊഴി നല്കി. സമാന സംഭവങ്ങള്‍ പതിവാണെന്നും എന്നാല്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഭയന്ന് ആരും സംഭവം പുറത്തു പറയാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.