ദുബായ്: ഏഷ്യൻ കപ്പ് ഫുട്ബോളിന് ശനിയാഴ്ച്ച യുഎഇയിൽ തുടക്കമാവും. ഫെബ്രവരി ആദ്യ വാരം വരെ നീണ്ട് നിക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരം യുഎഇയും ബഹ്റൈനും തമ്മിലാണ്. അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 24 ടീമുകളാണ് ടൂർണ്ണമെന്റിൽ മത്സരിക്കുന്നത്.
നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ വരുന്നവരും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീ ക്വാർട്ടർ യോഗ്യത നേടുക.
ഞായറാഴ്ച്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പ്രാദേശിക സമയം വൈകിട്ട് അഞ്ചരക്ക് നടക്കുന്ന മത്സരത്തിൽ തായ്ലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയുമുണ്ട് ഇവർക്ക പുറമെ, മലയാളി താരം ആഷിഖും ടീമിലുണ്ട്.
തായ്ലൻഡുമായുള്ള മത്സരത്തിന് ശേഷം ഗ്രൂപ്പ് എയിൽ യുഎഇ, ബഹ്റൈൻ എന്നീ ടീമുകളുമായും ഇന്ത്യ ഏറ്റുമുട്ടും. ജനുവരി 10, 14 തീയതികളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ.