അബുദാബി : ഏഷ്യൻ കപ്പ് ഫുട്ബോളിൽ നോക്കൗട്ട് പ്രതീക്ഷകളോടെ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികൾ.ആദ്യമത്സരത്തിൽ തായ്ലൻഡിനെ തകർത്തതിന്റെ ആത്മവിശ്വാസവുമായാകും ഇന്ത്യ ഇറങ്ങുക.
സൂപ്പർ താരം സുനിൽ ഛേത്രിയുടെ സ്കോറിംഗ് മികവിലാണ് നീലപ്പടയുടെ പ്രതീക്ഷ. മലയാളി താരങ്ങളായ ആഷിഖ് കരുണിയനും അനസ് എടത്തൊടികയും ആദ്യ ഇലവനിൽ ഉണ്ടാകും. ആദ്യ മത്സരത്തിൽ ബഹ്റിനോട് സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ ഏറ്റവും കരുത്തർ യുഎഇയാണ്. ഇതിനാൽ ശക്തമായ പോരാട്ടം തന്നെയാകും നടക്കുക.
ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയമാണ് നേടിയത്. തായ്ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യ തകർത്തത്. നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ പ്രകടനമാണ് ഇന്ത്യക്ക് തകർപ്പൻ ജയമൊരുക്കിയത്.