Entertainment

വേനലായി വന്ന് ….. ഇടവപ്പാതിയായി പെയ്തൊഴിഞ്ഞു

നിഖിൽ ബാലുശ്ശേരി

തിരുവനന്തപുരം : വാർമുകിലിന്റെ കലാകാരൻ പെയ്തൊഴിഞ്ഞു.ലെനിൻ രാജേന്ദ്രൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കച്ചവട സിനിമാ വഴികളിൽ നിന്ന് മാറി തന്റേതായ വഴിയിലൂടെ കലാ മൂല്യങ്ങൾ ഉള്ള ചിത്രങ്ങളെടുത്ത കലാകാരൻ. നീണ്ട സിനിമാജീവിതത്തിനിടയിൽ 15 ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തു.

പി എ ബക്കറിന്റെ സംവിധാന സഹായിയായാണ് സിനിമാ ജീവിതം തുടങ്ങിയത് .1981 ൽ വേനൽ എന്ന സിനിമയിലൂടെ സുകുമാരനെ നായകനാക്കി സ്വതന്ത്ര സംവിധായകനായി. 82 കാലഘട്ടത്തിൽ അരവിന്ദനും അടൂരും പോലുള്ള പ്രതിഭാശാലികളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ പ്രമേയത്തിലെ വ്യത്യസ്ഥത കൊണ്ടും സംവിധാനമികവിനാലും ലെനിന്റെ സിനിമകളും ശ്രദ്ധിയ്ക്കപ്പെട്ടു.

പിന്നീട് ഇറങ്ങിയ ചില്ല് ,മീനമാസത്തിലെ സൂര്യൻ എന്നീ ചിത്രങ്ങൾ എല്ലാം ശ്രദ്ധിയ്ക്കപ്പെട്ടു. തിരുവിതാംകൂറിന്റെ പ്രിയ മഹാരാജാവ് സ്വാതി തിരുനാൾ രാമവർമ്മയുടെ ബയോഗ്രഫിക്കലായി 1987 ൽ പുറത്തിറങ്ങിയ സ്വാതിതിരുനാൾ ലെനിൻ രാജേന്ദ്രന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. മധു അമ്പാട്ടായിരുന്നു ഛായാഗ്രഹണം നിർവ്വഹിച്ചത്. ആ ചിത്രത്തിലൂടെ 1987 ലെ കേരള സ്റ്റേറ്റ് സ്പെഷ്യൽ ജൂറി അവാർഡ് ലെനിൻ രാജേന്ദ്രന് ലഭിച്ചു. ചിത്രത്തിന്റെ കലാസംവിധായകനും അവാർഡ് ലഭിച്ചിരുന്നു. തിരുവിതാകൂറിന്റെ സുവർണ്ണ കാലഘട്ടത്തെ അഭ്രപാളിയിൽ എത്തിച്ച പറഞ്ഞ ചിത്രം അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതിയ സിനിമ ആയിരുന്നു.

ശേഷം 1988 ലും 89 ലും പുരാവൃത്തം ,വചനം എന്നീ സിനിമകളും അദ്ദേഹത്തിന്റേതായി പുറത്ത് വന്നു. അതിൽ വചനം എന്ന ചിത്രത്തിലെ നീർമിഴിപ്പീലിയിൽ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ആസ്വാദകരുടെ ചുണ്ടുകളിലുണ്ട്. തന്റെ ചിത്രത്തിലെ ഗാനങ്ങൾ ഹൃദ്യമാക്കാൻ അദ്ദേഹം എത്രത്തോളം ശ്രദ്ധിച്ചിരുന്നുവെന്നത് ഇതിലൂടെ മനസ്സില്ലാക്കാം . ആദ്യ കാലങ്ങളിൽ ഒൻവി യും, കാവാലം നാരായണപ്പണിക്കരും ആയിരുന്നു ഗാനങ്ങൾ ഒരുക്കിയിരുന്നതെങ്കിൽ പിന്നീട് അവ രമേശ് നാരായണന്റെ കൈകളിൽ ഭദ്രമായി.

1992 ൽ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികൾ ലെനിന്റെ ഒരു മാസ്റ്റർ വർക്ക് ആയിരുന്നു. കലാ മൂല്യത്തോടൊപ്പം തന്നെ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ചിത്രത്തിന് കഴിഞ്ഞു. എം മുകുന്ദന്റെ ഇതേ പേരിലുള്ള കൃതി തന്നെ സിനിമ ആക്കുകയായിരുന്നു. രഘുവരനും ശ്രീവിദ്യയുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. മധു അമ്പാട്ടിന്റെ ക്യാമറയും ചിത്രത്തിന് മാറ്റുകൂട്ടി. നോവൽ ചിത്രമാക്കുന്നതിന്റെ ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്ത് നോവൽ പോലെ തന്നെ സിനിമയും ഹൃദ്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

1992 ലെ മികച്ച ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് അടക്കം നിരവധി അവാർഡുകൾ ചിത്രം വാരിക്കൂട്ടി. ശ്രീവിദ്യയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരവും ചിത്രം നേടിക്കൊടുത്തു. പിന്നീട് നീണ്ട 5 വർഷത്തിനു ശേഷം 1997 ൽ സി വി രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി കുലം എന്ന ചിത്രമെടുത്തെങ്കിലും ചിത്രത്തിന്റെ തിരക്കഥയുടെ പോരായ്മ കാരണം ശ്രദ്ധിയ്ക്കപ്പെടാതെ പോയി.

പതിവുപോലെ മധു അമ്പാട്ടിന്റെ ക്യാമറാ മിഴിവും സംഗീതം കൈകാര്യം ചെയ്ത എംജി രാധാകൃഷ്ണനും മോഹൻ സിത്താരയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കേന്ദ്ര കഥാപാത്രം സുഭദ്രയെ ഭാനുപ്രിയ അവിസ്മരണീയമാക്കി. 2000 ൽ മാധവിക്കുട്ടിയുടെ നഷ്ട്ടപ്പെട്ട നീലാംബരി എന്ന ചെറു കഥയെ ആസ്പദമാക്കി മഴ എന്ന ചിത്രം സംവിധാനം ചെയ്തു. ഒട്ടേറെ അവാർഡുകൾ ചിത്രത്തിന് ലഭിച്ചു. ബിജു മേനോനും സംയുക്തവർമ്മയുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ . സംയുക്തവർമ്മയ്ക്ക് മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു. 2007 ൽ രാത്രിമഴയ്ക്ക് കേരള സ്റ്റേറ്റ് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു.

2010 ൽ രാജ രവിവർമ്മയുടെ കഥ മകരമഞ്ഞ് എന്ന ചിത്രം ക്യാൻവാസിലെന്നപോലെ അദ്ദേഹം വരച്ചിട്ടു.പ്രശസ്ത ക്യാമറാമാൻ സന്തോഷ് ശിവനായിരുന്നു പ്രധാനവേഷം കൈകാര്യം ചെയ്തത്. രവിവർമ്മയുടെ ചിത്രങ്ങൾ പോലെ തന്നെ സിനിമയും മികവാക്കി മാറ്റാൻ ലെനിന് കഴിഞ്ഞു. മധു അമ്പാട്ട് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. മകരമഞ്ഞ് രാജ്യാന്തര മേളകളിൽ ശ്രദ്ധിയ്ക്കപ്പെടുകയും അവാർഡുകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. 2016 ൽ പുറത്തിറങ്ങിയ ഇടവപ്പാതി ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. സിനിമ ചരിത്രത്തിൽ തന്റേതായ ശൈലിയിലൂടെ മികച്ച കലാ സൃഷ്ടികളെ അടയാളപ്പെടുത്താൻ കഴിഞ്ഞ ചുരുക്കം ചില സംവിധായകരിൽ ഒരാളായിരുന്നു ലെനിൻ.

കാല യവനികയ്ക്കുള്ളിൽ പ്രതിഭാശാലിയായ ഒരു സംവിധായകൻ കൂടി വിടവാങ്ങുമ്പോൾ കലാ ലോകത്തിന് തീരാ നഷ്ടം തന്നെ. ഈ കലാകാരന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ദൈവത്തിന്റെ വികൃതികളിലെ മധുസൂദനൻ നായരുടെ കവിത മനസ്സിൽ മുഴങ്ങുന്നു ..” ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു പൊലിയുമ്പോഴാണെന്റെ സ്വർഗ്ഗം ..നിന്നിലടിയുന്നതേ നിത്യ സത്യം…”

നിഖിൽ ബാലുശ്ശേരി

 

 

190 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close