യുവതാരം പൃഥിരാജിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ് മഹേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന കാളിയൻ. ചിത്രത്തിനെ കുറിച്ച് പുറത്തു വരുന്ന വാർത്തകളെല്ലാം പൃഥിയുടെ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്. ഇതിനിടെ, കാളിയൻ സിനിമയുടെ ടീസറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിച്ച ഒരു ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡിക്സൺ പൗലോസ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന്റെ പേര് തൊണ്ട എന്നാണ്. ത്രില്ലർ മൂഡിലുള്ള 17 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ദിവസങ്ങൾക്കകം പതിനയ്യായിരത്തിലധികം പേരാണ് യൂട്യൂബിൽ കണ്ടത്. ജോബിൻ ഇഗ്നേഷ്യസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകനും എഡിറ്ററും. പ്രകാശ് അലക്സ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.