കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തര ഭീഷണിയുണ്ട്. സ്ഥലം മാറ്റം തടയാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും കന്യാസ്ത്രീകള്‍ കത്തില്‍ ആവശ്യപ്പെടുന്നു.
സ്ഥലംമാറ്റം തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതിനാണ്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ സഹായിച്ചു എന്നതാണ് തങ്ങള്‍ ചെയ്ത കുറ്റം. ചികിത്സക്കും യാത്രയ്ക്കുമുള്ള പണം പോലും സഭയില്‍ നിന്ന് ലഭിക്കുന്നില്ല. നിയമത്തിന് പഴുതുണ്ടാക്കി രക്ഷപെടാനാണ് ബിഷപ്പ് ശ്രമിക്കുന്നത്. സ്ഥലം മാറ്റത്തിനുള്ള മദര്‍ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഇവര്‍ ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണെന്നും കത്തില്‍ പറയുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കാണ് സ്ഥലം മാറ്റ ഉത്തരവ് നല്‍കിയത്. സമരത്തിനിറങ്ങിയ അഞ്ച് പേരെയും സ്ഥലം മാറ്റിയിട്ടുണ്ട്. വെവ്വേറെ സ്ഥലങ്ങളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങുന്നത് സഭ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നു.