കൊല്‍ക്കത്ത: ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയെ രൂക്ഷമായി വിമര്‍ശിച്ച് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ്. മായാവതിയുടെയും അഖിലേഷിന്റെയും മഹാഗഥ്ബന്ധന്‍ ഏറ്റവും വലിയ തമാശയാണ്. മാത്രമല്ല യാതൊരു വിധ ആശയവുമില്ലാത്ത ആ കൂട്ടായ്മയില്‍ മുഴുവന്‍ വ്യാജന്മാര് നിറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയുമായിട്ടാണ് മഹാസഖ്യം രൂപീകരിക്കുന്നതെന്നാണ് അതിലെ നേതാക്കള്‍ പറയുന്നത്. അവരും അഴിമതിക്കും ഭരണഘടനക്കെതിരായും പല കാര്യങ്ങളും ചെയ്യുന്നവരാണ്.
കൊല്‍ക്കത്തയില്‍ വലിയൊരു സംഗമമാണ് അവര്‍ നടത്തിയത്. എന്നാല്‍ അവരുടെ പ്രത്യയശാസ്ത്രമെന്താണ്? അവരുടെ ലക്ഷ്യമെന്താണ്? ഇതിലൊന്നും യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചോ, തൊഴിലില്ലായ്മയെ കുറിച്ചോ ഒന്നും അവിടെ യാതൊരു വിധ ചര്‍ച്ചകളും ഉണ്ടായില്ല. ഒരു ലക്ഷ്യവുമില്ലാത്ത ഒരു കൂട്ടായ്മയാണത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. മമത ബാനര്‍ജി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ എന്താണ് ചെയ്യുന്നത്. ഒരു പഞ്ചായത്ത് ഇലക്ഷന് പോലും സമാധാനപരമായി നടത്താന്‍ അനുവദിക്കാത്ത വ്യക്തിയാണവര്‍. അവിടെ പ്രതിപക്ഷം റാലി നടത്താന്‍ അനുവാദം ചോദിച്ചപ്പോള്‍ അതിനും അനുമതി നിഷേധിച്ചു. ഗുണ്ടായിസമാണ് അവര്‍ ആ സംസ്ഥാനത്ത് കാണിക്കുന്നത്.
രാജ്യത്ത് വലിയ അഴിമതി നടക്കുന്നുവെന്നാണ് എന്‍സിപി നേതാവ് ശരദ് യാദവും, അഖിലേഷ് യാദവും മായാവതിയുമെല്ലാം ആരോപിക്കുന്നത്. ഏറ്റവും വലിയ തമാശയാണത്. വ്യാജന്മാര് മാത്രം നിറഞ്ഞ ഒരു സഖ്യമാണ് അവരുടേത്. വളരെ വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഇരിക്കുന്നവരാണ് ഈ നേതാക്കളെല്ലാം. കര്‍ഷകരും യുവാക്കളും ദളിതരുമെല്ലാമാണ് കഷ്ടത അനുഭവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവരുടെ സഖ്യമാണ് നിലവില്‍ വരേണ്ടതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.