കൊച്ചി: ഐഎസ്എല്ലിൽ വീണ്ടുമൊരു വച്ചുമാറ്റം. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ നവീൻ കുമാർ എഫ്സി ഗോവയിലേക്കാണ് ചേക്കേറുന്നത്. പകരം ഗോവയുടെ ഗോൾ കീപ്പർ ലാൽതുവമ്മാവിയ ബ്ലാസ്റ്റേഴ്സിലേക്കെത്തും. ഈ സീസൺ അവസാനിക്കും വരെയാണ് കരാർ. എഫ്സി ഗോവ തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
രണ്ടുപേരും ഈ സീസണിൽ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. നവീൻ അഞ്ചു മാച്ചുകൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു. എന്നാൽ ലാൽതുവമ്മാവിയ ഇതുവരെ ഒരു കളിയിൽപ്പോലും ഇറങ്ങിയിട്ടില്ല. നിലവിൽ യുവതാരം ധീരജ് സിംഗിനാണ് ഗോൾ കീപ്പിങ്ങിൽ ബ്ലാസ്റ്റേഴ്സ് പ്രാധാന്യം നൽകിയിട്ടുള്ളത്. ഗോവ യുവതാരം മുഹമ്മദ് നവാസിനുമാണ് പ്രാധാന്യം നൽകുന്നത്.
നവീന്റെ തിരിച്ചുപോക്ക് പഴയ തട്ടകതിതലേക്കാണ്. 2017 – 18 സീസണിൽ ഗോവക്കുവേണ്ടി മികച്ചപ്രകടനം കാഴ്ചവച്ച നവീൻ ഈ സീസണിന്റെ തുടക്കത്തിലാണ് ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയത്. ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ സീസൺ വീണ്ടും ജനുവരി 25 ന് പുനരാരംഭിക്കുകയാണ്. ആദ്യ മാച്ചിൽ ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.















