ന്യൂഡല്‍ഹി: 2014ല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഹാക്ക് ചെയ്തുവെന്ന ആക്ഷേപത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് സ്പോണ്‍സേഡ് പരിപാടിയായിരുന്നു അത്. കപില്‍ സിബലിന് ആ പരിപാടിക്ക് പോകേണ്ട ആവശ്യം എന്തായിരുന്നു? കോണ്‍ഗ്രസിന് വേണ്ടി ആ പരിപാടിക്ക് മേല്‍നോട്ടം കൊടുക്കാനാണ് അദ്ദേഹം അവിടെ ഉണ്ടായിരുന്നത്. ഈ ആക്ഷേപങ്ങളെല്ലാം ഇന്ത്യയെ തരം താഴ്ത്തുന്നതിന് വേണ്ടിയാണ്. 2014ലെ ജനവിധിയെ പരിഹസിക്കുന്നതിന് വേണ്ടിയായിരുന്നോ പരിപാടിയെന്നും അദ്ദേഹം ചോദിച്ചു.
യാതൊരു വിധ തെളിവുകളുമില്ലാതെയാണ് ഈ ആരോപണങ്ങളെല്ലാം നടത്തിയിരിക്കുന്നത്. ഒന്നിനും ഒരു അടിസ്ഥാനവുമില്ല. 2014ല്‍ ഞങ്ങളായിരുന്നില്ല യുപിഎ ആയിരുന്നു അധികാരത്തില്‍. യാതൊരു അധികാരവും ഇല്ലാതിരുന്ന ഒരു അവസരത്തില്‍ തങ്ങള്‍ അത് ഹാക്ക് ചെയ്തുവെന്നു പറയുന്നതിന്റെ യുക്തി എന്താണെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.