ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 122ാം ജന്മവാര്ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് രാഷ്ടപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. നേതാജി സുഭാഷ് ചന്ദ്രബോസിന് പ്രണാമം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. നേതാജി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണെന്നും, രാഷ്ട്രത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നേതാക്കളിലൊരാളായാണ് എപ്പോഴും അദ്ദേഹത്തെ ഓര്‍മിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്നത്തെ ദിവസം രാജ്യം മുഴുവന്‍ നേതാജിയുടെ ഓര്‍മ്മകളാല്‍ നിറയുമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വണങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് സ്വയം സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. മഹത്വപൂര്‍ണമായ ഒരു ജീവിതമാണ് നേതാജി നയിച്ചത്. അദ്ദേഹത്തിന്റെ പാത പിന്തുടര്ന്ന് കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാന്‍ നാം ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.