Vehicle

ടാറ്റ സ്റ്റൈലായി മുന്നോട്ടു തന്നെ ; ഹരം പകർന്ന് ഹാരിയർ;മൈലേജ് വിവരങ്ങളും പുറത്ത്

പഴഞ്ചൻ ലുക്കും മോഡലും എല്ലാം ഉപേക്ഷിച്ച് പുത്തൻ സ്റ്റൈൽ പരീക്ഷിക്കാനുള്ള ടാറ്റയുടെ തീരുമാനം ഏറെക്കുറെ വിജയം കണ്ടെന്ന് വേണം കരുതാൻ. പുത്തൻ തലമുറ വാഹങ്ങളായ ടാറ്റ നെക്സോണും ഹെക്സയും ജനപ്രീതി നേടിയതിന് തൊട്ടു പിന്നാലെ ഏറെക്കാത്തിരുന്ന പ്രീമിയം ഹാച്ച് ബാക്ക് ഹാരിയറും കമ്പനി രംഗത്തെത്തിച്ചിരിക്കുകയാണ്. വലിയ വില കൊടുക്കേണ്ടി വരുമെന്ന് കരുതിയ വാഹന പ്രേമികളെ വിലക്കുറവിൽ ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് കമ്പനി.

2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് ഹാരിയറിന് കരുത്ത് പകരുന്നത്. തൊട്ടടുത്ത എതിരാളി ജീപ്പ് കോമ്പാസിനും ഇതേ എഞ്ചിൻ തന്നെയാണ് ‌ഉപയോഗിച്ചിരിക്കുന്നത്. ഗിയർ ബോക്സ് ആറു സ്പീഡ് ആണെങ്കിലും നിലവിൽ ഓട്ടോമാറ്റിക് വേരിയന്റുകൾ ഇല്ല. ഉടൻ തന്നെ ഇതും ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 140 പിഎസ് ശക്തിയുള്ള എഞ്ചിൻ 350 എൻ.എം ടോർക്ക് നൽകും.

സിനോൺ ഹെഡ്‌ലാമ്പുകളാണ് ഹാരിയറിനുള്ളത്. ഡ്രൈവർക്കും പാസഞ്ചറിനും മാത്രമല്ല സൈഡ് എയർബാഗുകളും സുരക്ഷ ഉറപ്പു വരുത്തുന്നു.ഡുവൽ ഇന്റീരിയർ ഹാരിയറിന്റെ അകം മനോഹരമാക്കുന്നു. മേൽത്തരം ലെതർ സീറ്റുകളിൽ മാത്രമല്ല വശങ്ങളിലും കൊടുത്തിട്ടുണ്ട്. ടോപ്പ് വേരിയന്റിന് 8.8 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ ആണ് ഒരുക്കിയിരിക്കുന്നത്.

എക്സ്-ഇ , എക്സ് -ഇ , എക്സ്-എം, എക്സ്-ടി,,എക്സ്-ഇസഡ് എന്നീ നാല് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. 12.69 ലക്ഷം രൂപ മുതൽ 16.25 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. ലാൻഡ് റോവർ ഡി-8 രൂപകൽപ്പനയിൽ പുതിയ ഒമേഗ ആർക്ക് പ്ലാറ്റ്ഫോമിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്. 4.598 മീറ്ററാണ് ഹാരിയറിന്റെ നീളം. 1.894 മീറ്റർ വീതിയും 1.706 മീറ്റർ ഉയരവുമുണ്ട് ഹാരിയറിന് . ഗ്രൗണ്ട് ക്ലിയറൻസ് 205 മില്ലിമീറ്റർ. ടാറ്റയുടെ തന്നെ ഹെക്സയെക്കാൾ 5 മില്ലിമീറ്റർ കൂടുതൽ. ടയർ സൈസ് 17 ഇഞ്ചാണ്. എന്നാൽ ഫോർ വീൽ ഡ്രൈവ് ഇല്ലാത്തത് വാഹന പ്രേമികളെ നിരാശരാക്കും.

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയെഷന്റെ റിപ്പോർട്ട് അനുസരിച്ച് തെരഞ്ഞെടുത്ത സാഹചര്യങ്ങളിൽ 16.7 കിലോമീറ്റർ ആണ് ഹാരിയറിന്റെ ശരാശരി മൈലേജ്. വാഹനം ബുക്ക് ചെയ്താൽ മൂന്നു മാസം കാത്തിരിക്കണമെന്നതാണ് നിലവിലെ സ്ഥിതി.

പ്രധാനമായും ജീപ്പ് കോമ്പാസ് , മഹീന്ദ്ര എക്സ്.യു.വി , ഹ്യൂണ്ടായ് ക്രേറ്റ, ഹ്യൂണ്ടായ് ടസ്കൻ എന്നിവകളുമായിട്ടായിരിക്കും ഹാരിയർ മത്സരിക്കുക. എന്തായാലും പഴഞ്ചൻ മോഡലുകൾ എന്ന പരാതി പരിഹരിച്ച് സ്റ്റൈലായിട്ട് തന്നെ മുന്നോട്ടു പോകാനാണ് ടാറ്റയുടെ തീരുമാനം. ഹാരിയർ അത് തെളിയിക്കുന്നുമുണ്ട്.

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close