Life

ക്യാന്‍സര്‍ അകറ്റാം: ചിട്ടയായ ഭക്ഷണ രീതിയിലൂടെ

എസ്.കെ ശാരിക

ഇന്ന് ലോക ക്യാന്‍സര്‍ ദിനം. രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും ആധുനിക വൈദ്യ ശാസ്ത്രം വളരെയധികം മുന്നേറിയിട്ടും ഇന്നും ക്യാന്‍സര്‍ ആളുകള്‍ക്ക് പേടിസ്വപ്‌നം തന്നെയാണ്. ഇതിന് കാരണം ക്യാന്‍സര്‍ സംബന്ധമായുണ്ടാകുന്ന മരണനിരക്കാണ്. ഹൃദയാഘാതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ക്യാന്‍സര്‍ മൂലമാണ്.

ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ ബാധിതരെന്നാണ് പഠനങ്ങള്‍. കേരളത്തില്‍ പുരുഷന്‍മാരുടെ ഇടയില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറും സ്ത്രീകളില്‍ സ്തനാര്‍ബുദവുമാണ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. കൂടാതെ ശ്വാസകോശാര്‍ബുദ്ദം, അണ്ഡാശയ ക്യാന്‍സര്‍, തൈറോയ്ഡ് ക്യാന്‍സര്‍ എന്നിവയും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.

പുകയില, മദ്യം തുടങ്ങിയവയുടെ ഉപയോഗവും, ഭക്ഷണത്തിലെ അപാകതയുമാണ് ഈ വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മറ്റ് ഹോര്‍മോണ്‍ വ്യതിയാനങ്ങളും ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാകാം.

ഒരു ഭക്ഷണഘടനയ്ക്കും ക്യാന്‍സറിനെ പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും ജീവിതശൈലിയും ഭക്ഷണരീതിയും ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ ഇവ നിയന്തിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഭക്ഷണത്തിന്റെ കാര്യം കണക്കിലെടുത്താല്‍ ഒറ്റവാക്കില്‍ സമീകൃതഭക്ഷണം ശീലമാക്കണമെന്ന് പറയാം. അതായത്, പഴങ്ങള്‍ , പച്ചക്കറികള്‍, നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍, തവിടുള്ള അരി, പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികളില്‍ ചീര, മുരിങ്ങയില പച്ചക്കറികളില്‍ തക്കാളി, കാരറ്റ് തുടങ്ങിയവയ്ക്കും ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.

തക്കാളി നിത്യ ഭക്ഷണത്തില്‍ ശീലമാക്കുക. ഇത് ക്യാന്‍സറിനെ തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലൈക്കോഫീന്‍ എന്ന ആന്റീ ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ടെന്നതിനാലാണ് തക്കാളി ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് പറയുന്നത്.

പപ്പായ ക്യാന്‍സര്‍ ചെറുക്കുന്ന ഒരു പ്രധാന ഭക്ഷണം തന്നെയാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ക്യാന്‍സറിനെ പ്രതിരോധിക്കും.

ഗ്രീന്‍ ടീയും ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളതിനാലാണിത്.

വെളുത്തുള്ളിയാണ് ക്യാന്‍സര്‍ തടയുന്ന മറ്റൊരു പ്രധാന ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അനിയന്ത്രിതമായി വളരുന്ന കോശങ്ങളെ കൊന്നൊടുക്കുന്നു.

ബ്രൊക്കോളിയാണ് മറ്റൊരു പ്രധാന പച്ചക്കറി. ഇത് സ്തനാര്‍ബുദ്ദത്തെ തടയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബ്രൊക്കോളിയിലെ സള്‍ഫോറാഫേന്‍ എന്ന ഘടകമാണ് അര്‍ബുദ്ദ കോശവളര്‍ച്ച തടയുന്നത്.

മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതും ശ്രമിക്കുക. സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ തടയും.

കൊക്കോയും ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളാവൊനോയിഡുകള്‍ ക്യാന്‍സറിനെ പ്രതിരോധിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലാണ് ഇത് സമൃദ്ധമായുള്ളത്. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ സംസ്‌കരിച്ച ഡാര്‍ക്ക് ചോക്ലേറ്റ് ഒഴിവാക്കുക.

ദിവസം ഒരു പിടി നട്‌സ് ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഇവ ക്യാന്‍സറിനെ തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എല്ലാ ഭക്ഷണങ്ങളും ക്യാന്‍സര്‍ വരുത്തുന്നവയല്ലെങ്കിലും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ക്യാന്‍സര്‍ പിടിപെടുന്നത് ഒരു പരിധി വരെ തടയാന്‍ കഴിയും.

ചുവന്ന മാംസം, സംസ്‌കരിച്ച ഭക്ഷണങ്ങളും മാംസങ്ങളും, കൊഴുപ്പും പഞ്ചസാരയും അധികം കലര്‍ന്ന ഭക്ഷണം, ഉപ്പിന്റെ അമിത ഉപയോഗം എന്നിവ ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തും.

ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും.

പച്ചക്കറികളിലെ കീടനാശിനിയുടെ ഉപയോഗമാണ് മറ്റൊരു പ്രധാന വില്ലന്‍. കീടനാശിനി ഉപയോഗിക്കാത്ത ഭക്ഷണം ലഭിക്കുക പ്രാവര്‍ത്തികമല്ലെങ്കിലും ഇവ ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ആരോഗ്യം ഒരു ശീലമാണ്. പരിപാലിക്കപ്പെടുന്നതുപോലാകും ശരീരം പ്രതിഫലിക്കുന്നതും. രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ജീവിതത്തിന് ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ചെലുത്തിയേ മതിയാകൂ.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close