ഞായറാഴ്ച്ച രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു അബുദാബിയിൽ മിക്കയിടങ്ങളിലും. പത്ത് മണിയോടെ നേരിയ തോതിൽ പൊടിഞ്ഞുതുടങ്ങിയ മഴ ശക്തിപ്രാപിക്കുകയായിരുന്നു. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും കാര്യമായ മഴ ലഭിച്ചു. അൻപത് കിലോമീറ്ററിലധികം വേഗത്തിലുള്ള കാറ്റുമുണ്ടായി. അന്തരീക്ഷ ഊഷ്മാവ് പലയിടങ്ങളിലും ഇരുപത് ഡിഗ്രി വരെയാണ്. അബുദാബി, ദുബായ്, ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ കനത്ത മഴ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്. അസ്ഥിരമായ കാലാവസ്ഥയായിരിക്കും അടുത്ത ദിവസങ്ങളിൽ. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ പഠന കേന്ദ്രം യു.എ.ഇയിൽ ‘ഓറഞ്ച് അലേർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ മുൻകരുതലെടുക്കണമെന്നും നിർദേശമുണ്ട്. അബുദാബി ദുബായ് ഭാഗങ്ങളിൽ കൂടിയ അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രീ സെൽഷ്യസും പടിഞ്ഞാറൻ പ്രവശ്യകളിൽ ഇത് 16 ഡിഗ്രീ വരെയാകുമെന്നും വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച്ചയും മഴയുണ്ടാകുമെന്ന അറിയിപ്പുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധ നൽകണമെന്ന് പോലീസ് നിർദേശിച്ചു.