ഷാജി പാപ്പനും പിള്ളാരും വീണ്ടുമെത്തുന്നു. പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ആടിന്റെ മൂന്നാം ഭാഗമെത്തുന്നു. ആട് 3 എന്നായിരിക്കും പേര് എന്നാണ് സൂചന. ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബുവാണ് ആടിന്റെ മൂന്നാം ഭാഗത്തെ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
2015 ഫെബ്രുവരി ആറിനായിരുന്നു ആട് ഒരു ജീവിയാണ് എന്ന പേരോടെ ഒന്നാം ഭാരം റിലീസായത്. അതിനാൽ ഫെബ്രുവരി 6 ആട് ദിനം എന്നാണ് നിർമ്മാതാവ് വിശേഷിപ്പിക്കുന്നത്. ആട്- 1 റിലീസായത് ഈ ദിനത്തിലാണ്. ആട് 2 നിർമ്മിക്കാൻ തീരുമാനിച്ചത് ഈ ദിനത്തിലായിരുന്നു. അതുകൊണ്ട് ആട് 3 വരുമെന്നും വിജയ് ബാബു ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ആട് തിയേറ്ററില്‍ വിജയിക്കാതെ പോയ ചിത്രമാണ്. എന്നാല്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങള്‍ വഴി ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഷാജി പാപ്പാനും കൂട്ടരും വളരെ പെട്ടന്നാണ് എല്ലാവരുടെയും മനസില്‍ ഇടം നേടിയത്. ജയസൂര്യയ്ക്ക് പുറമെ ധര്മ്മജന് ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്, വിജയ് ബാബു, സാന്ദ്ര തോമസ്, തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ഇതേ തുടര്‍ന്ന് രണ്ടാം ഭാഗമായി പുറത്തിറക്കിയ ആട് 2 തിയേറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. ജയസൂര്യയുടെ സിനിമാ ജീവിതത്തില്‍ ഏറെ പ്രശംസ നേടികൊടുത്ത കഥാപാത്രമായിരുന്നു ആട് ഒരു ഭീകരജീവിയിലെ ഷാജിപാപ്പന്.