Movie ReviewsEntertainment

കുമ്പളങ്ങി കാഴ്ചകളിലെ രാഷ്‌ട്രീയം

അശ്വിൻ രാധാകൃഷ്ണൻ

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയെ പറ്റി എന്ത് എഴുതിയാലും,സിനിമയെ പറ്റിയുള്ള മലയാളിയുടെ നിലവിലെ ചർച്ചയിൽ ഏറ്റവും മുഴച്ചു നിൽക്കുന്നത് ഈ പേര് തന്നെയാണ് എന്നത് കൊണ്ട് തന്നെ അത് കടലിൽ ഉപ്പ് കലക്കുന്ന ഏർപ്പാടാകും. മണ്ണിനും പുല്ലിനും കാറ്റിനും കാറിനുമെല്ലാം പൊളിറ്റിക്സ് പറയാനുണ്ട്, പറയുന്നുമുണ്ട്. അത് കേൾക്കാനും വായിക്കാനും ഉള്ള ധാരണ നമ്മുക്ക് വേണം എന്ന് മാത്രം. അത് ഏത് തരത്തിൽ ധരിക്കണം എന്നത് നമ്മുടെ പരമ സ്വാതന്ത്ര്യം. ഒരു തരത്തിലുള്ള വിധിയെഴുത്തലുകൾക്കും പറഞ്ഞു വച്ചവർ ഉത്തരവാധിത്ത പെടേണ്ട കാര്യമില്ല.

‘ഞാൻ എന്തു പറഞ്ഞു എന്നതിലാണ് എനിക്ക് ഉത്തരവാദിത്വം, നിങ്ങൾ എന്തു മനസ്സിലാക്കി എന്നതിലല്ല’ – ഓഷോ

ശ്യാം പുഷകരനും,മധു സി നാരായണനും പറയുന്ന രാഷ്‌ട്രീയം ഇതിന്റെയാണ്, അത് ഇന്നതിന് എതിരാണ് എന്നൊന്നും സ്ഥാപിക്കാൻ ആർക്കും അധികാരമില്ല. അത് അവരവരുടെ സ്വാതന്ത്ര്യമാണ്, ഉത്തരവാദിത്വമാണ്. ഏതായാലും സിനിമയിൽ നന്മയാണുള്ളത്. നല്ലത് എവിടെയാണ് എങ്ങനെയാണ് ഉണ്ടാവുക എന്ന് നാം മലയാളികൾ ചാർത്തിയ പരമ്പരാഗത മുൻധാരണകൾക്കുള്ള കനത്ത പ്രഹരമാണ്.

” Raymond the perfect man” എന്ന് ക്ലീൻ ഷേവ് ചെയ്ത് കണ്ണാടിയിൽ നോക്കി സ്വയം പുളകിതനായി,അമ്മായിയമ്മയെ സ്നേഹത്തോടെ അമ്മേ എന്ന് വിളിച്ച് അരികിലിരുത്തി ഭക്ഷണം കഴിപ്പിക്കുന്ന സോകോൾഡ് പ്രതിഷ്ഠിത നന്മ ബിംബത്തെ അത് അനുഷ്ടിക്കുന്ന കഥാപാത്രത്തിന്റെ ഉള്ളിലെ ചീത്തയെ ഓട പൊട്ടി ഒലിക്കുന്ന നാറ്റം പോലെ അവതരിപ്പിക്കുന്നതും, പൊട്ടിയ ഓടക്കരികിൽ ചെല്ലുമ്പോൾ ചുളിയുന്ന മുഖം പോലെ സമൂഹം മുഖം ചുളിക്കുന്ന ജീവിത പശ്ചാത്തലത്തിലുള്ള നല്ല മനസ്സുകളെ കാണിക്കുന്നതും..
കൺസ്പക്ടുകളോടുള്ള വലിയ വെല്ലു വിളിയാണ്.

കുറച്ചു കൂടി വ്യക്തമായി പറയുകയാണങ്കിൽ, തന്റെ അബദ്ധം കൊണ്ട് മരണപ്പെട്ട സുഹൃത്തിന്റെ ഭാര്യയെ.. അവൻ മരിച്ച് ഒരാഴ്‌ച്ചക്കുള്ളിൽ നവജാത ശിശുവിനെയും കൂട്ടി വീട്ടിൽ കൊണ്ടു പോകുന്നവനെ ഏത് തരത്തിലാകും നമ്മുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുക? “തേപ്പിന്” ഉള്ള ട്രോൾ മെമ് ആയി അവർ അവരോധിക്കപ്പെടും. രാത്രിയിൽ ഉറങ്ങും മുന്നേ ട്രോളുകൾ വായിച്ച് നമ്മുക്ക് സ്വസ്തിയും.

കുമ്പളങ്ങിയിലെ രാത്രിയിൽ വേറെ ചില വെല്ലുവിളികളും ഉണ്ട്,നിങ്ങളുടെ മനസ്സാക്ഷിയൊന്ന് തുറന്ന് വക്കുക സമൂഹമെ..

“കാട്ടാളന് രാമയണം എഴുതാം”

ശരി, കാട്ടളൻ രാമയണം എഴുതിയിട്ട് നിങ്ങളുടെ വീട്ടിലേക്ക് കല്യാണം ആലോചിച്ചാലോ?

“ബാക്ക്ഗ്രൗണ്ട് ശരിയല്ല”

ഒരാളുടെ പ്രസന്റിനേക്കാളും ബാക്ക് സ്റ്റോറിക്ക് പ്രാധാന്യം കല്പിക്കുന്നത് എത്ര സുന്ദരമായ ആചാരമാണ്. തത്വം തത്വത്തിലല്ലേ ഉള്ളു പ്രായോഗികതയിൽ അത്രമേൽ അപ്രായോഗികമല്ലോ.

“തനിക്ക് മീൻ പിടിക്കാൻ പൊക്കൂടെ ”

ചെയ്യുന്ന ജോലിയേക്കാളും, ജോലി ചെയ്യുന്നുണ്ടോ എന്നറിയാൻ പഠിക്കാത്ത മലയാളികൾ മുഖം തിരുമ്മി തിയറ്ററീന്ന് ഇറങ്ങിയ മതി. അറിയാവുന്ന, ഭംഗിയായി പറ്റുന്ന ജോലി ചെയ്യാതെ.. സ്റ്റാറ്റസിന് പറ്റുന്ന ജോലി തേടി പോകുന്നവരും.

തീട്ടപറമ്പ്- “പറമ്പ് മാത്രമെ ഞങ്ങളുടെ ഉള്ളു, തീട്ടം നാട്ടാർടെയാ”

നശിച്ച ഇടങ്ങളെ പലപ്പോഴും നശിപ്പിച്ചത് അതിന് ആ പേര് ചാർത്തിയവർ തന്നെയാണന്ന ഓർമ്മപ്പെടുത്തൽ. മറക്കരുത് ഇനി മേൽ നമ്മൾ.

പറഞ്ഞ് വക്കുന്നത് ഇത്ര മാത്രമാണ്, നല്ലതായിരിക്കും എന്ന് നാം കരുതുന്ന ഇടങ്ങളിൽ ചീത്തയുമുണ്ടാകും എന്ന മുന്നറിയിപ്പ്. തീട്ടപ്പറമ്പിനരികിൽ, ടെക്നിക്കലി പോസിബൾ അല്ലങ്കിലും പല തന്തക്ക് പിറന്നു എന്ന പട്ടം ചാർത്തി കിട്ടിയവർക്കിടയിൽ, കള്ളു കുടിച്ചു തമ്മിൽ തല്ലുന്നവർക്കിടയിലും നന്മയുണ്ടാകും എന്ന മുന്നറിയിപ്പ്! തിരിച്ചറിവ്.

നന്മയുടെ രാഷ്‌ട്രീയമാണ്, തിരിച്ചറിവിന്റെ രാഷ്‌ട്രീയമാണ് കുമ്പളങ്ങിയിലെ രാത്രിയിലെ കാഴ്ചകളിൽ ഞാൻ കണ്ടത്.

അശ്വിൻ രാധാകൃഷ്ണൻ

2K Shares
Back to top button
Close