World

അവസാനയുദ്ധത്തിന് ആഞ്ഞടിച്ച് സഖ്യസൈന്യം ; പിടിച്ചുനിൽക്കാനാകാതെ ഇസ്ലാമിക് സ്റ്റേറ്റ് ; ഓടിയൊളിക്കുന്നതിൽ മലയാളി ഭീകരരും

ഡമാസ്കസ് : ലോകത്തെ ഭീകരത കൊണ്ട് കിടിലം കൊള്ളിച്ച ഇസ്ലാമിക് സ്റ്റേറ്റ് സഖ്യസൈന്യത്തോട് പിടിച്ചു നിൽക്കാനാകാതെ പലായനം ചെയ്യുന്നതായി റിപ്പോർട്ട്. അവസാന കേന്ദ്രത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന ഐഎസ് ഭീകരർ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സഖ്യസൈന്യത്തിന്റെ ആക്രമണത്തിൽ നിൽക്കക്കള്ളിയില്ലാതെ പിൻവാങ്ങുകയാണ് . ബാക്കിയായ ഭീകരരിൽ നല്ലൊരു പങ്കും വിദേശികളെന്നാണ് സൂചന. ഇതിൽ മലയാളി ഭീകരരുമുണ്ടെന്നാണ് റിപ്പോർട്ട്.

(ഐഎസ് ഭീകര കേന്ദ്രങ്ങളിലെ കാഴ്ച്ച )

കുർദ് വിഭാഗങ്ങളുടെ സേനയായ സിറിയൻ ഡെമോക്രാറ്റിക്ക് ഫോഴ്സാണ്‌ ഐഎസിന്‌ കനത്ത നാശനഷ്ടം വിതയ്ക്കുന്നത്. ഇറാഖ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന രണ്ട് ഗ്രാമങ്ങളിലേക്ക് ഐഎസിനെ ഒതുക്കിയിരിക്കുകയാണിവർ. യുദ്ധത്തിൽ പിടിച്ചു നിൽക്കാനാകാതെ ഐഎസ് ഭീകരർ സ്വന്തം കമാൻഡറെ മരിക്കാൻ വിട്ട് രക്ഷപ്പെടുന്ന വീഡിയോ എസ്.ഡി.എഫ് വക്താവ് ട്വീറ്റ് ചെയ്തിരുന്നു.

യൂഫ്രട്ടീസ് നദിയുടെ കിഴക്കൻ ഭാഗത്ത് ബാഗൂസ് ഗ്രാമത്തിലാണ്‌ ഇപ്പോൾളാകെ ഐഎസ് സാന്നിദ്ധ്യമുള്ളത്. നാലു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ മാത്രമാണ്‌ ഇപ്പോൾ ഐഎസ് സാമ്രാജ്യം. ഒരുകാലത്ത് ലോകത്തെ അടക്കി ഭരിക്കുമെന്ന് പ്രഖ്യാപിച്ച് എണ്ണമറ്റ ക്രൂരതകൾ ചെയ്തു കൂട്ടിയ ഐഎസിന്റെ അവസാന ശ്വാസവും നിലച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

( പോരാട്ടത്തിൽ പരിക്കേറ്റ എസ്.ഡി.എഫ് സൈനികന് ചികിത്സ നൽകുന്നു )

അറുനൂറോളം ഭീകരർ ഇനി ബാക്കിയുണ്ടെന്നാണ് എസ്.ഡി.എഫ് നിഗമനം. സ്നൈപ്പർ റൈഫിളുകളും ലാൻഡ് മൈനുകളും ഉപയോഗിച്ചാണ് ഐഎസ് ഭീകരർ ഇപ്പോൾ സഖ്യ സൈന്യത്തെ തടഞ്ഞു നിർത്തുന്നത്. രണ്ട് ദിവസം മുൻപ് നടന്ന യുദ്ധത്തിൽ 13 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ അഞ്ചു പേർ ചാവേറുകളാണ് . ടണൽ ഉപയോഗിച്ച് ഗ്രാമത്തിനു പുറത്തെത്തി ചാവേർ ആക്രമണം നടത്തിയാണ് ഐഎസ് ഭീകരർ തങ്ങളുടെ അവസാന കേന്ദ്രം സംരക്ഷിക്കാൻ ശ്രമിക്കുന്നത്. നിരവധി ഭീകരർ കീഴടങ്ങിയതായും എസ്.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്.

(ഐഎസ് കേന്ദ്രത്തിൽ നിന്ന് എസ്.ഡി.എഫിനു കീഴടങ്ങിയവർ )

അതേസമയം അൽബാഗൂസിൽ നിന്ന് ഇരുനൂറോളം സ്ത്രീകളേയും കുട്ടികളേയും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ ഐഎസ് ഭീകരർ മനുഷ്യമറയായി ഉപയോഗിക്കാൻ സാദ്ധ്യതയുള്ളതിനാൽ രക്ഷപ്പെടുത്തിയതിനു ശേഷം മാത്രമേ പ്രത്യാക്രമണം നടത്തുള്ളൂ എന്ന് എസ്.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. അതിനു ശേഷമാണ് ഐഎസിനെ അവസാന അഭയ കേന്ദ്രത്തിൽ നിന്ന് തുരത്താനുള്ള യുദ്ധം ആരംഭിച്ചത്.

ഐഎസ് ഭീകര നേതാവ് അബൂബക്കർ അൽ ബാഗ്ദാദി ജീവനോടെ ഉണ്ടെന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട് . റഖയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ ബാഗൂസിൽ സുരക്ഷിതമായി കഴിയുന്നുണ്ടെന്നാണ് സൂചന. നേരത്തെ ഇയാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഐഎസിൽ ചേർന്ന പോപ്പുലർ ഫ്രണ്ട്  നേതാക്കൾ അടക്കമുള്ള മലയാളി ഭീകരരിൽ കൊല്ലപ്പെടാതെ അവശേഷിക്കുന്നവരും ബാഗൂസിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട് . ഇവരുടെ ഭാര്യമാരും മക്കളും ബാഗൂസിൽ ഐഎസ് കേന്ദ്രത്തിലുണ്ടാകാനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാകില്ല . സ്ത്രീകൾക്കും കുട്ടികൾക്കും അപകടമുണ്ടാകാത്ത വിധത്തിലേ ആക്രമണം തുടരൂ എന്ന് എസ്.ഡി.എഫ്  വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ് ഭീകരർ സ്ത്രീകളേയും കുട്ടികളേയും മനുഷ്യമറയായി ഉപയോഗിക്കുന്നതാണ് പ്രധാന പ്രശ്നമായി എസ്.ഡി.എഫ് കരുതുന്നത്.

രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയാൽ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാമെന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അഭ്യർത്ഥന എസ്.ഡി.എഫ് നിരസിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചു നീക്കുന്നതിൽ നിന്ന് യാതൊരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്നാണ് അവരുടെ നിലപാട് . ഐഎസ് ഭീകരർ തടവിലാക്കി വച്ചിട്ടുള്ള യസീദി വംശജരായ യുവതികളെ രക്ഷിക്കുമെന്ന് വ്യക്തമാക്കി സിറിയൻ ഡെമോക്രാറ്റിക് സേനയിലെ പെൺപോരാളികൾ പോസ്റ്റർ പിടിച്ചു നിൽക്കുന്നതിന്റെ ചിത്രങ്ങളും എസ്.ഡി.എഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

( കുർദ് പോരാളികൾ )

അതേസമയം ഐഎസ് ഭീകരരെ തുർക്കി പിന്തുണയ്ക്കുന്നതായി എസ്.ഡി.എഫ് ആരോപിക്കുന്നുണ്ട് . തുർക്കിയാണ് ഐഎസിന് ആയുധം നൽകുന്നതെന്നും അവരെ സംരക്ഷിക്കുന്നതെന്നും എസ്.ഡിഎഫ് വക്താവ് മുസ്തഫ ബാലി ആരോപിച്ചു. ബാഗൂസ് ഗ്രാമത്തിലെ ഐഎസിന്റെ 41 കേന്ദ്രങ്ങൾ പിടിച്ചെടുത്തതായി എസ്.ഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.താമസിയാതെ ഐഎസ് വിമുക്ത രാജ്യമായി സിറിയയെ മാറ്റുമെന്നാണ് എസ്.ഡിഎഫ് അവകാശപ്പെടുന്നത്.

11K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close