മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഇന്ന് എൽ ക്ലാസിക്കോ. സാന്റിയോഗോ ബെർണബ്യൂവിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടും. കോപ്പ ഡെൽ റെ സെമിയുടെ രണ്ടാം പാദ മത്സരത്തിൽ റയലിനെ 3 – 0ന് തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് കറ്റാലൻ പട ഇറങ്ങുന്നത്. മെസിയുടേയും സുവാരസിന്റെയും മികച്ച ഫോം ബാഴ്സയ്ക്ക് പ്രതീക്ഷയേകുന്നു. പരിക്ക് മാറി ടീമിൽ മടങ്ങിയെത്തിയ സാമുവൽ ഉംറ്റിറ്റിയുടെ സാന്നിദ്ധ്യവും ടീമിന് കരുത്താകും.
നൗക്യാമ്പിൽ നടന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സ 5 – 1 ന് റയലിനെ കീഴടക്കിയിരുന്നു. സ്വന്തം മൈതാനത്ത് അഭിമാന പോരാട്ടത്തിനാണ് റയൽ ഇറങ്ങുന്നത്. ഇന്ന് ജയിക്കാനായാൽ ലീഗിൽ ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ആറായി കുറക്കാം. ഇന്ത്യൻ സമയം രാത്രി 1.15 നാണ് മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും ചെൽസിയും ഇന്ന് പോരാട്ടത്തിന് ഇറങ്ങും.