കൊച്ചി: ഇനി തങ്ങളുടെ മുഴുവൻ ശ്രമവും സൂപ്പർ കപ്പിന് വേണ്ടിയാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കൻ. അഞ്ചാം സീസണിലെ അവസാന മത്സരവും സമനിലയിലായതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സീസണിൽ ഞങ്ങൾക്കിനി സെമി ഫൈനലിൽ കടക്കാനാകില്ല എന്നും സൂപ്പർ കപ്പിൽ ആണ് കൂടുതൽ ശ്രദ്ധ വക്കേണ്ടതെന്നും പുതിയ കോച്ച് വന്നപ്പോൾ തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഈ സീസൺ മികച്ചതായിരുന്നില്ല. ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ അവസാനിപ്പിക്കാൻ കഴിയാത്തത്തിൽ നിരാശയുണ്ട്. പക്ഷെ അതാണ് ഫുട്ബോൾ. ഇനി ഞങ്ങളുടെ മുഴുവൻ പരിശ്രമവും സൂപ്പർ കപ്പിന് വേണ്ടിയാകും. ഞങ്ങളുടെ എല്ലാ കഴിവും അതിനായി പുറത്തെടുക്കുമെന്നും ജിങ്കൻ പറഞ്ഞു.
അതേസമയം, തങ്ങൾ സൂപ്പർ കപ്പ് കളിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് നെലോ വിൻഗാഡ പറഞ്ഞു. നന്നായി കളിക്കാനും കളി വരുതിയിലാക്കാനും ഞങ്ങളുടെ ടീം ശ്രമിച്ചു. നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. കൂടുതൽ ഫാൻസിനെ കാണാൻ സാധിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്. അവർക്കു ടീമിനെ ഇഷ്ടമാണ്. പക്ഷെ അവർ സമയം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
ഞങ്ങൾക്ക് സൂപ്പർ കപ്പ് കളിയ്ക്കാൻ സാധിക്കും. സീസൺ അവസാനിച്ചിട്ടില്ല. ഞാനെന്റെ കബ്ബിനെയും എനിക്ക് ചുറ്റുമുള്ള ആളുകളെയും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഞാൻ സന്തോഷവാനാണ്. എന്റെ കുട്ടികൾ നന്നായി കളിക്കുന്നുണ്ട്. ഒൻപതാം സ്ഥാനത്തേക്കാൾ മികച്ചൊരു സ്ഥാനം ടീം അർഹിച്ചിരുന്നുവെന്നും വിൻഗാഡ പറഞ്ഞു.