ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സില്‍ അംഗമായ തീവ്രവാദി ഗുര്‍സേവക് സിങ്(53) പിടിയില്‍. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഖലിസ്ഥാന്‍ അനുയായികളെ വീണ്ടും സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ ആയിരുന്നു അറസ്റ്റ്. പാകിസ്ഥാനിലുള്ള ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് മേധാവി പരംജീത്ത് സിംഗ് പഞ്ച്വാദിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഓപ്പറേഷന് ബ്ലൂസ്റ്റാറിന് കാരണമായ ഖലിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രവാദത്തിന്റെ സൂത്രധാരന്‍ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ അനുയായിരുന്നു ഇയാള്‍. തീവ്രവാദം, കൊലപാതകം തുടങ്ങി 50ലേറെ കേസുകളില്‍ പ്രതിയായ ഗുര്‍സേവക് 26 വര്‍ഷത്തോളം തടവ്ശിക്ഷ അനുഭവിച്ച ശേഷം 2010ലാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും മോഷണമുള്‍പ്പെടെയുള്ള കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 1984ല്‍ ഹിന്ദ് സമാചാര്‍ പത്രത്തിന്റെ എഡിറ്റര്‍ രമേശ് ചന്ദറിനെ കൊലപ്പെടുത്തിയ കേസിലും പഞ്ചാബ് മുന്‍ ഡിജിപി ജൂലിയോ റിബേറോയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഗുര്സേവകാണ് പ്രധാനപ്രതി.
തീവ്രവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗുര്‍സേവക് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഭിന്ദ്രന്‍വാല ഉള്‍പ്പെടെയുള്ള ഖലിസ്ഥാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സംഘടനയുടെ നിരവധി അനുയായികള്‍ പാകിസ്ഥാനിലേക്ക് കടന്നിരുന്നു. ഐഎസ്ഐയുടെ പിന്തുണയോടെയായിരുന്നു ഇവരുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍. ഗുര്‍സേവകും പിന്നീട് ഇവരുടെ ഭാഗമാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.