ശ്രീനഗർ : ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ വനിത പൊലീസ് ഓഫീസറെ ഭീകരർ വെടിവെച്ചു കൊന്നു. ഷോപ്പിയാനിലെ വെഹിൽ എന്ന സ്ഥലത്താണ് സംഭവം. വീടിനു വെളിയിൽ നിൽക്കുകയായിരുന്ന വനിത പൊലീസ് ഓഫീസർ ഖുശ്ബൂ ജാൻ ആണ് വീരമൃത്യു വരിച്ചത്.
വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്പെഷ്യൽ പൊലീസ് ഓഫീസറായിരുന്ന ഖുശ്ബുവിനെതിരെ ഭീകരരുടെ ഭീഷണി ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈന്യവും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താനായില്ല.
പുൽവാമ ആക്രമണത്തിനു ശേഷം ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനെ തുടർന്ന് കശ്മീർ സ്വദേശികളായ പൊലീസുകാർക്കും സൈനികർക്കുമെതിരെ ഭീകരവാദികൾ ഭീഷണി ഉയർത്തിയിരുന്നു.