പാരീസ്: ഫ്രാന്‍സില്‍ ഇന്ധന വില വര്‍ദ്ധനക്കെതിരെ ആരംഭിച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം കലാപമായി മാറുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ മഞ്ഞക്കുപ്പായക്കാര്‍ വ്യാപകമായി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. സമരക്കാര്‍ തെരുവുകള്‍ കയ്യടക്കിയതോടെ ജനങ്ങള്‍ സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. അതേസമയം സമരക്കാരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ശനിയാഴ്ച പാരീസ് നഗരത്തില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ എണ്‍പതോളം കടകളും സ്ഥാപനങ്ങളുമാണ് ഇവര്‍ ആക്രമിച്ചത്. പല സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. തങ്ങള്‍ക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വ്യാപാരികള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇരുന്നൂറിലധികം പ്രക്ഷോഭകാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യം ഇന്നേവരെ കാണാത്ത അക്രമ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും, ഇതിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും സോഷ്യലിസ്റ്റ് മേയര്‍ ആന്‍ ഹിഡാല്ഡോ ആവശ്യപ്പെട്ടു. എന്നാല്‍ പ്രക്ഷോഭം തീവ്രസ്വഭാവമുള്ളവര്‍ ഹൈജാക്ക് ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ വാദം.