ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി. ജനങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തിലാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്വിറ്റര്‍ പുതിയ ഇമോജിയും പുറത്തിറക്കിയിട്ടുണ്ട്. 12 ഭാഷകളിലുള്ള ഹാഷ്ടാഗിനൊപ്പം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചിത്രമുള്ള ഇമോജിയാണിത്.
വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍(സ്വീപ്പ്) എന്നാരു പരിപാടിക്കും തിരഞ്ഞെടുപ്പ് കമ്മീഷന് തുടക്കമിട്ടിട്ടുണ്ട്. ഇതിനെ സ്വാഗതം ചെയ്യുന്നതായി ട്വിറ്റര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വരാന്‍ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് ട്വിറ്ററും വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ട്വിറ്ററിന്റെ സുരക്ഷിതത്വവും സമഗ്രതയും ഉറപ്പു വരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍മാരിലേക്കെത്താന്‍ ട്വിറ്ററിനെ തിരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ട്വിറ്ററിലൂടെ പ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നും ട്വിറ്റര്‍ ഇന്ത്യയുടെ ഗവണ്മെന്റ് ആന്റ് പബ്ലിക് പോളിസി ഡയറക്ടര്‍ മഹിമ കൗള്‍ പറഞ്ഞു.