തിരുവനന്തപുരം: അര്‍ബുദ ചികിത്സാരംഗത്ത് പ്രതിക്ഷയേകി അത്ഭുത മരുന്നുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. എസ്‌സിടിഎസി 2010 എന്ന് പേരിട്ടിരിക്കുന്ന മരുന്ന് ഞരമ്പിലേക്ക് നേരിട്ട് കുത്തിവെയ്‌ക്കാനാകുന്നതാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായും മനുഷ്യനില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വിജയമായാല്‍ 3 വര്‍ഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നും ഗവേഷകര്‍ പ്രത്യാശിക്കുന്നു. വിജയമായാല്‍ കാന്‍സര്‍ എന്ന വിപത്തിനുള്ള മറുപടിയാകും പുതിയ മരുന്നെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരു സസ്യത്തില്‍ നിന്ന് വേര്‍തിരിച്ച ഘടകവും രക്തത്തിലെ ആല്‍ബുമിന്‍ എന്ന പ്രോട്ടീനും സമന്വയിപ്പിച്ചാണ് ശ്രീചിത്രയിലെ ഗവേഷകര്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. രക്തത്തിലെ പ്രോട്ടീനായ ആല്‍ബുമിനും സസ്യപദാര്‍ത്ഥത്തിലെ പ്രോട്ടീനും സംയോജിപ്പിച്ച് ശരീരത്തില്‍ ഇണങ്ങി ചേരുന്ന രീതിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ മരുന്ന് നിര്‍മ്മിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമേ ഏതൊക്കെ തരത്തിലുള്ള ക്യാന്‍സറുകള്‍ക്ക് മരുന്ന് പ്രയോജനപ്പെടുമെന്ന് കണ്ടെത്താനാകൂ. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂന്നോ നാലോ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ മരുന്നിന് ഡ്രഗ് കണ്‍ഡ്രോളര്‍ അടക്കമുള്ളവരുടെ അംഗീകാരം ലഭിക്കൂ. നൂറ്റാണ്ടിന്റെ വിപത്തായ പല വകഭേദങ്ങളുമായി ജൈത്രയാത്രതുടരുന്ന മഹാവ്യാധിക്ക് പുതിയ മരുന്ന് മറുമരുന്നാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അതേസമയം, ഉമിനീരില്‍ നിന്നും ടിബി ബാക്ടീരിയയെ കണ്ടെത്തുന്ന പുതിയ ഉപകരണവും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി. മുപ്പത് മിനിട്ടിനകം ടിബി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇന്ത്യയില്‍ ടിബി ബാധിതര്‍ 2-3 ദശലക്ഷമെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 20 രോഗികളുടെ സാമ്പിളുകള്‍ ഒരു സമയം പരിശോധിക്കാനാകുമെന്നതും പുതിയ ഉപകരണത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു. താരതമ്യേന ചിലവ് കുറഞ്ഞ പരിശോധനാ രീതിയാകുമിതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.















