ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി 125 റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്. ഇന്ന് ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ആദ്യ റാലി. ഈ മാസം 31നകം ജമ്മുകശ്മീര്‍, ഒഡീഷ, അസം, ബംഗാള്‍, അരുണാചല്‍ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും.
യുപി, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും റാലികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. യുപിയില്‍ 20 റാലികളിലും ബംഗാളിലും ബിഹാറിലും 10 വീതം റാലികളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എട്ട് മാസം കൊണ്ട് 425 റാലികളില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ രാജ്യത്തുടനീളം 150 തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സംസാരിക്കും. പ്രധാനമന്ത്രിക്കും ,അമിത്ഷാക്കും പുറമെ 40 മുഖ്യപ്രചാരകരെയാണ് പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ നിയോഗിച്ചിട്ടുള്ളത്.