അമേരിക്ക: ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പുതിയ പ്രമേയവുമായി അമേരിക്ക. യുഎന്‍ രക്ഷാസമിതിയിലാണ് അമേരിക്ക പ്രമേയം കൊണ്ടുവന്നത്. ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെയാണ് നീക്കം. അതേസമയം ചൈന വീണ്ടും വീറ്റോ അധികാരം പ്രയോഗിക്കാതിരിക്കാന്‍ അമേരിക്ക ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ചൈനയുടെ നിലപാടുകള്‍ക്കെതിരെ അമേരിക്ക രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. മുസ്ലീം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന കാണിക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു. ഒരു ഭാഗത്ത് മുസ്ലീങ്ങളെ സ്വന്തം രാജ്യത്ത് അടിച്ചമര്‍ത്തുന്ന നയമാണ് ചൈന സ്വീകരിക്കുന്നത്. അതേസമയം മറുഭാഗത്ത് ചൈന മുസ്ലീം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി മൈക്ക് പോംപിയോ ട്വിറ്ററില്‍ കുറിച്ചു.
പതിനഞ്ച് അംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയിലുള്ളത്. പ്രമേയം അംഗീകരിച്ചാല്‍ മസൂദിന് മേല്‍ നിരവധി നിയന്ത്രണങ്ങള്‍ വരും. ലോകമെമ്പാടുമുള്ള ഇയാളുടെ സ്വത്തുവകകള്‍ മരവിപ്പിക്കും. ഇതിന് പുറമെ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും, ആയുധങ്ങള്‍ ശേഖരിക്കാന്‍ അനുമതി നിഷേധിക്കപ്പെടുകയും ചെയ്യും.
അല്‍ഖ്വയ്ദയുമായി മസൂദിനുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ടാണ് അമേരിക്ക ഇയാള്‍ക്കെതിരായ പ്രമേയം കൊണ്ടുവന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ മസൂദാണെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അല്‍ഖ്വയ്ദ, ഐഎസ്ഐഎസ് ഉപരോധ പട്ടികയില്‍ മസൂദിനെയും ചേര്‍ക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു.