ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമത്തില്‍ ഇന്ത്യ നല്കിയ തെളിവുകള്‍ തള്ളി പാകിസ്ഥാന്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആണ് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ത്യ പാകിസ്ഥാന് കൈമാറിയത്. എന്നാല്‍ ഇന്ത്യ നല്കിയ തെളിവുകള്‍ അപര്യാപ്തമാണെന്നും, പുതിയ തെളിവുകള്‍ നല്കുകയാണെങ്കില് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും പാകിസ്ഥാന് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചു. തീവ്രവാദികളെ കുറിച്ചും, ഇവരുടെ താവളങ്ങള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ പുതിയ തെളിവുകള്‍ വേണമെന്നാണ് പാകിസ്ഥാന്റെ നിലപാട്.
എന്നാല്‍ പാകിസ്ഥാന്റെ ഈ നിലപാടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഭീകരര്‍ക്കെതിരെ നിലപാടെടുക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് പാകിസ്ഥാന് ഇന്ത്യയോട് തെളിവുകള്‍ ആവശ്യപ്പെട്ടത്. ഭീകരര്‍ക്കെതിരായ നടപടികളുമായി സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പാകിസ്ഥാന് പറയുന്നു.
അതേസമയം ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം അമേരിക്ക ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎന്‍ രക്ഷാസമിതിയിലാണ് അമേരിക്ക പ്രമേയം കൊണ്ടുവന്നു. ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെയാണ് നീക്കം. ചൈന വീണ്ടും വീറ്റോ അധികാരം പ്രയോഗിക്കാതിരിക്കാന്‍ അമേരിക്ക ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അല്‍ഖ്വയ്ദയുമായി മസൂദിനുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ടാണ് അമേരിക്ക ഇയാള്‍ക്കെതിരായ പ്രമേയം കൊണ്ടുവന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ മസൂദാണെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അല്‍ഖ്വയ്ദ, ഐഎസ്ഐഎസ് ഉപരോധ പട്ടികയില്‍ മസൂദിനെയും ചേര്‍ക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു.