NewsYatra

കൈലാസാനുഭവം അഥവാ സത്തിലേക്കുള്ള ഗമനം

പദ്മജ വേണുഗോപാൽ

ഒമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ചതുര്‍ധാമയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ ഞാനും സുഹൃത്ത് ചന്ദ്രികയും തീരുമാനിച്ചിരുന്നു, എന്തായാലും കൈലാസ യാത്ര നടത്തണം. രണ്ടു വര്‍ഷം കഴിഞ്ഞ് കൈലാസയാത്രക്ക് പോകേണ്ട സമയമടുത്തപ്പോള്‍ എനിക്ക് വീട്ടില്‍ നിന്നും വിട്ടു നില്‍ക്കാനാകാത്ത സാഹചര്യം . കൈലാസ യാത്ര മനസ്സിലങ്ങനെ കിടന്നു.

അടുത്തിടെ ‘സദ്ഗമയ’യോടൊപ്പം രണ്ടു മൂന്നു യാത്രകളില്‍ പങ്കെടുക്കാനിടയായി . അവരുടെ കൂടെ അജന്ത, എല്ലോറ യാത്രയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ദിവാകര്‍ജിയും, വിനോദ്ജിയും ജൂണില്‍ നടത്താനിരിക്കുന്ന കൈലാസ യാത്രയെക്കുറിച്ച് പറഞ്ഞു. ഞാനും ജ്യേഷ്ഠനും മറുപടി നല്‍കി. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഞങ്ങള്‍ തയ്യാര്‍. പിന്നീടത് ഞങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ആറു പേരടങ്ങുന്ന സംഘമായി വളർന്നു. ആകെ യാത്രികര്‍ മുപ്പത്തിയേഴ് പേരായിരുന്നു. യാത്രികരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ തയ്യാറെടുപ്പുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ് . കുറച്ചൊക്കെ തയ്യാറെടുപ്പുകള്‍ ഞാനും നടത്തുന്നുണ്ട്‌. മുന്‍യാത്രകളിലൊന്നും അനാരോഗ്യം പ്രശ്‌നമായിട്ടില്ല. അതുകൊണ്ട് അത്തരം ആശങ്കകളില്ല.

നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് യാത്രയുടെ തുടക്കം. ഇന്‍ഡിഗോയില്‍ ഡല്‍ഹി വഴി ലക്‌നോവിലേക്ക്. പലയിടങ്ങളില്‍ നിന്നും വരുന്ന യാത്രികര്‍ ലക്‌നോവില്‍ വെച്ചാണ് ഒന്നിച്ചു ചേരുക. പുലര്‍ച്ചെ ആറു മണിക്ക് തുടങ്ങിയ യാത്ര ലക്‌നോവില്‍ അവസാനിക്കുമ്പോള്‍ വൈകുന്നേരം 3.30 മണിയായി. ഇനി നേപ്പാള്‍ ഗഞ്ചിലേക്ക് ബസ്സിലാണ് യാത്ര. പതിവുപോലെ യാത്രികരുടെ പരസ്പരം പരിചയപ്പെടല്‍. സദ്ഗമയയുടെ സംഘാടകരുടെ പ്രത്യേകത ഏതു സാഹചര്യത്തിലും കൈവിടാത്ത നര്‍മബോധമാണ്. എല്ലാവരും പ്രായഭേദമേന്യെ പണികൊടുത്തും വാങ്ങിയും യാത്ര ഒരു ആഘോഷക്കമ്പോളമായി മാറും. എങ്കിലും യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കല്‍, ഇവയിലൊന്നും യാതൊരു വിട്ടുവീഴ്ചയുമില്ല. യാത്രികരുടെ ഓരോ ആവശ്യവും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ബദ്ധശ്രദ്ധരുമാണ്

സഹയാത്രികര്‍ അനുഭവസമ്പന്നരാണ്. സഹൃദയരും , സുവിജ്ഞരും . ഇതിനൊക്കെ പുറമെ ദീപ്തസാന്നിദ്ധ്യമായി സ്വാമി അദ്ധ്യാത്മാനന്ദജിയും.

വഴിയില്‍ ഒരു ഡാബയില്‍ ടിന്‍ഷീറ്റിനടിയില്‍ പൊള്ളുന്ന ചൂടില്‍ ഞങ്ങള്‍ പ്രാദേശികമായ സ്വാദുള്ള വിഭവങ്ങള്‍ കഴിച്ചു . വഴിയില്‍ നേപ്പാള്‍ ബോര്‍ഡറില്‍ ഒട്ടും ബുദ്ധിമുട്ടിക്കാത്ത ചെറിയ പരിശോധനകള്‍ക്കുശേഷം നേപ്പാള്‍ഗഞ്ചിലെത്തി. വൃത്തിയും സൗകര്യവുമുള്ള സാമാന്യം നല്ലൊരു ഹോട്ടല്‍. രാത്രി സുഖമായി ഉറങ്ങി . രാവിലെ നേരത്തെ എണീറ്റ് നേപ്പാള്‍ഗഞ്ച് എയര്‍പോര്‍ട്ടിലേക്ക്. ഒരു റെയില്‍വേ സ്‌റ്റേഷന്റെ വലിപ്പമേയുള്ളൂ. പതിനാറും, ഇരുപത്തിനാലും ആളുകളെ കൊള്ളുന്ന ചെറിയ വിമാനങ്ങളാണ്.

എയര്‍ഹോസ്റ്റസ് മര്യാദയോടെ മിഠായിയും, വെറ്റ് വൈപ്‌സും, വെള്ളവും കൊണ്ടുവന്നു തരുന്നുണ്ട്. ഇവിടെ നിന്നാണ് ഹിമാലയന്‍ കാഴ്ചകള്‍ തുടങ്ങുന്നത്. സസ്യാഭമായ ഹിമാലയം. പച്ചപ്പിന്റെ വ്യത്യസ്ത പാളികൾ. ആകാശത്തിനെന്തു നീലനിറമാണ്! വെളുത്ത മേഘപാളികള്‍ കൂടെയാകുമ്പോള്‍ ഒരലൗകിക പ്രതീതി. സിമിക്കോട്ടിലേക്കാണ് യാത്ര. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതോടെ മഞ്ഞുമൂടിയ ഹിമാലയ നിരകളുടെ നേര്‍കാഴ്ചകള്‍ കണ്ടുതുടങ്ങി. ഇനി ഇവിടെ നിന്നും ഹില്‍സയിലേക്ക് ഹെലികോപ്ടറിലാണ് യാത്ര. ഹിമാലയ ദൃശ്യങ്ങളുടെ അപൂര്‍വ്വചാരുത നമ്മെ സ്തബ്ധ നിശ്ശബ്ദതയിലാക്കുന്നത് ഇനിയാണ്. വാക്കുകള്‍ വഴിമുട്ടുന്ന അവസ്ഥ. എന്റെ കണ്ണുകള്‍ നനയുന്നുണ്ട് . പതിയെ അതു കണ്ണുകളുടെ മഴപ്പെയ്ത്തായി മാറി. ഇതാണോ സൗന്ദര്യ ലഹരി?

ഹിൽസ

ഹില്‍സയിലെത്തി കുറച്ചു നടന്നപ്പോൾ കല്ലുകള്‍ ചേര്‍ത്ത് കെട്ടിപ്പൊക്കിയ വൃത്തിയുള്ള കെട്ടിടത്തിലെത്തി. ഉച്ചഭക്ഷണം റെഡിയാണ്. തണുപ്പു തുടങ്ങിയിട്ടുണ്ട്. തെര്‍മലും, സ്വെറ്ററും, ജാക്കറ്റും, മങ്കിക്യാപ്പും ധരിച്ചിട്ടും തണുപ്പ് അനുഭവപ്പെടുന്നുണ്ട് . കെട്ടിടത്തില്‍ നിന്നും അമ്പതുമീറ്റര്‍ നടന്നാൽ ഫ്രെണ്ട്ഷിപ്പ് ബ്രിഡ്ജ്. നേപ്പാളിനും, ടിബറ്റിനുമിടക്കുള്ള തൂക്കുപാലം. കീഴെ നദി കുതിച്ചൊഴുകുന്നു. പാലം കഴിഞ്ഞാല്‍ ചൈനയുടെ അധീനതയിലുള്ള ടിബെറ്റ് ആണ്. ഇനിയാണ് ഇമ്മിഗ്രേഷന്‍ ഫോര്‍മാലിറ്റീസ്. പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിശോധനകള്‍ പലപ്പോഴും കെടുകാര്യസ്ഥതയുടേയും, അസഹിഷ്ണുതയുടേയും നേരടയാളങ്ങള്‍ പോലെ തോന്നി. ബയോമെട്രിക് പരിശോധന യന്ത്രങ്ങള്‍ പലതും പ്രവര്‍ത്തനക്ഷമമല്ല. തട്ടിയും, മുട്ടിയും, ചിത്രമെടുത്തും അല്ലാതെയും പരിശോധനകള്‍ നടക്കുന്നുണ്ട്.

എന്നാൽ മൊബൈലിലെ ഗാലറിയിലെ ചിത്രങ്ങള്‍ നോക്കുുന്നുണ്ട്‌. ദലൈലാമയുടെ പേരിലുള്ള വല്ല സന്ദേശവും കണ്ടാല്‍ വിസ നിഷേധിക്കപ്പെടുമത്രെ. ബാഗില്‍ പത്രത്താളുകളുണ്ടെങ്കില്‍ അതും നീക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ട പരിശോധനക്കൊടുവില്‍ ഞങ്ങളില്‍ പലരും ക്ഷീണിതരായി .എന്നാൽ ഏറ്റവും വലിയ തമാശ ടിബറ്റിൽ എത്തിയതിനു ഒരു തെളിവ് പോലും പാസ്സ്പോർട്ടിൽ ഇല്ല എന്നതാണ്. ഒരു ലക്ഷത്തിനടുത്താണ് വിസക്ക് ഈടാക്കുന്നതും. ഇനി ടെക്‌ലാകോട്ടിലേക്ക് ബസ്സിലാണ് യാത്ര. സമുദ്രനിരപ്പില്‍ നിന്നും 14,000 അടി ഉയരത്തിലാണ് ടെക്‌ലാകോട്ട്. ഇനിയും ഉയരമുള്ള പ്രദേശത്തേക്കാണ് യാത്ര. അതുകൊണ്ട് അക്ലിമറ്റൈസേഷനു വേണ്ടി അവിടെ ഒരു ദിവസം തങ്ങണം. അല്ലെങ്കില്‍ ശരീരത്തിന് പൊടുന്നനെയുള്ള മാറ്റവുമായി ഇണങ്ങിചേരാന്‍ പ്രയാസമാകും. ടെക്‌ലാകോട്ടിലും നല്ലൊരു ഹോട്ടലിലായിരുന്നു താമസം. രാത്രി സുഖമായുറങ്ങി.

രാവിലെ സ്വാമി അദ്ധ്യാത്മാനന്ദജിയുടെ സദ്‌സംഗമുണ്ടായിരുന്നു. കൈലാസയാത്രയുടെ പ്രത്യേകതകള്‍, അത് നാം എങ്ങനെ ഉള്‍ക്കൊള്ളണം എന്നെല്ലാം സ്വാമിജി തെളിമയോടെ ശാന്തമായി പറഞ്ഞു. ശിവസങ്കല്‍പ്പത്തെക്കുറിച്ചും, അപര്‍ണ്ണയായ പാര്‍വതിയെക്കുറിച്ചും കേട്ടതോടെ മനസ്സ് കൈലാസത്തില്‍ ഏകാഗ്രമായി.

വൈകീട്ട് ഒരു റിഹേഴ്‌സല്‍ നടത്തം . നടക്കുമ്പോള്‍ ശരീരത്തിന് ഭാരമേറിയതുപോലെ. ഏകദേശം നാലു കിലോമീറ്റര്‍ നടന്നു. ഇപ്പോള്‍ ആരും വസിക്കാത്ത ബുദ്ധവിഹാരങ്ങളെന്നു തോന്നിക്കുന്ന കുറെ കെട്ടിടങ്ങള്‍ കണ്ടു.ചൈനീസ് അധിനിവേശത്തിന്റെ ശേഷിപ്പുകൾ. തിരിച്ച് റൂമിലെത്തിയപ്പോല്‍ ക്ഷീണം കൂടി. രാത്രി ഷെര്‍പ്പകള്‍ ക്ഷേമമന്വേഷിച്ച് വരുന്നുണ്ട്‌. വളരെ സ്‌നേഹവും കരുതലുമുള്ള പെരുമാറ്റം. അള്‍ടിട്യൂഡ് സിക്‌നസിനെ ചെറുക്കാന്‍ ഡയമോക്‌സ് ഗുളികകള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുുണ്ട്. വിവരിക്കാന്‍ കഴിയാത്ത എന്തോ അസ്യാസ്ഥ്യം അനുഭവപ്പെടുന്നതുകൊണ്ട് ഞങ്ങള്‍ ഗുളിക കഴിച്ചു തുടങ്ങി . ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടായില്ല.

രാക്ഷസ് താൽ

രാവിലെ ഒമ്പതുമണിയോടെ മാനസസരോവറിലേക്ക് തിരിക്കും. ഒരു മണിക്കൂര്‍ യാത്രയേ ഉള്ളൂ. പക്ഷെ ക്ഷീണം കാരണം ഇടക്കിടെ മയങ്ങിപ്പോകുന്നു. പര്‍വതങ്ങളാണ് ചുറ്റും. ചെടികളില്ലാത്ത പ്രദേശം. ആരോ രാക്ഷസ്താള്‍ എന്നുറക്കെ പറഞ്ഞതുകേട്ട് കണ്ണു തുറന്നു. ആകാശ നീലിമയില്‍ തടാകം, അതിലും കടുത്ത നീലനിറത്തില്‍ പരന്നു കിടക്കുന്നു. രാവണന്‍ പണ്ട് കഠിനതപസ്സു ചെയ്തത് ഇതിന്റെ കരയിലാണെത്രെ. തടാകത്തില്‍ ഒരു ജലജീവിപോലുമില്ല. ജലം, കുടിക്കാന്‍ യോഗ്യവുമല്ല. അങ്ങകലെ ആദ്യമായി കൈലാസദര്‍ശനം. മനസ്സ് സമ്മിശ്ര വികാരങ്ങള്‍കൊണ്ട് തരളിതമായി. എല്ലാവരും പടമെടുക്കാനുള്ള തിരക്കിലാണ്. അത്ര മനോഹരമാണ് കാഴ്ചകളെല്ലാം.
ബസ്സില്‍ കയറി കുറച്ചുകഴിഞ്ഞതേയുള്ളൂ, ആരോ വിളിച്ചു പറയുന്നു. ‘മാനസസരോവര്‍’!

മാനസരോവർ

എല്ലാവരും ഉത്സാഹഭരിതരായി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വലിയ ശുദ്ധജലതടാകം. സ്വച്ഛമായി നീന്തുന്ന അരയന്നങ്ങള്‍. ഒപ്പം ഇളം ചുവപ്പു നിറത്തിലുള്ള സുവര്‍ണ്ണ അരയന്നങ്ങളും. ഈ കാഴ്ച അപൂര്‍വ സൗഭാഗ്യമാണത്രെ. മാനസസരോവറിലെ കുളിയാണിനി. പ്രേമ ആവേശത്തോടെ മുന്നോട്ടു കുതിച്ചു മഞ്ഞുപോലെ തണുത്ത വെള്ളത്തിലിറങ്ങി മുങ്ങി . മാനസസരോവറിലെ കുളി അവളുടെ സ്വപ്നമായിരുന്നു. ഞങ്ങള്‍ പിറകെ എത്തിയപ്പോഴേക്കും ചൈനീസ് ഉദ്യോഗസ്ഥര്‍ വിലക്കി. സുരക്ഷ കാരണങ്ങളാൽ മനസസരോവറിലെ കുളി വിലക്കിയിരിക്കുന്നു. തടാകത്തിൽ നിന്നുമെടുത്ത വെള്ളം തലയിലൊഴിച്ച് ഞങ്ങള്‍ തൃപ്തരായി. എല്ലാറ്റിനും സാക്ഷിയായി ദൂരെ കൈലാസം.

മൃത്യുഞ്ജയ ഹോമം

ഭക്ഷണം കാണുന്നതു തന്നെ മടുപ്പാകുന്നുണ്ട് . ബസ്സില്‍ മാനസസരോവര്‍ പരിക്രമണമാണിനി. കണ്ണുകൾ അടഞ്ഞു പോകുന്നു. സ്വപ്നത്തിലെന്നപോലെ ഇടയ്ക്ക് സുന്ദരമായ തടാകം കാണുന്നുണ്ട്‌. തിരിച്ചുവന്നു കിടന്നു. പിറ്റെ ദിവസം രാവിലെ കൈലാസപര്‍വതത്തെ സാക്ഷിയാക്കി മൃത്യുഞ്ജയ ഹോമമാണ്. മൃത്യുവിനെ ജയിച്ചുവേണം കൈലാസത്തിൽ എത്താന്‍. നേരത്തെ ഉണർന്നു. സ്വാമിജിയുടെ സാന്നിദ്ധ്യത്തില്‍ വിനോദും, സുനീഷും കാര്‍മികരായി, ഹോമം നടത്തി. നാമം ജപിച്ചുകൊണ്ട് ഞങ്ങളും പങ്കെടുത്തു. ഹോമം കഴിഞ്ഞതോടെ ഏതോ ആവാച്യമായ അനുഭൂതിയില്‍ യാത്രികര്‍ പരസ്പരം പുണർന്നു.

ദർച്ചനിലേക്കുള്ള യാത്ര
ബസ്സിൽ ദർച്ചനിലേക്ക്

ഇന്നാണ് ആ ദിവസം. അല്‍പനേരം കഴിഞ്ഞ് ഞങ്ങള്‍ ബസ്സില്‍ ദര്‍ച്ചനിലേക്ക് പോകുന്നു. അതാണ് കൈലാസത്തിന്റെ ബേസ് ക്യാമ്പ്. യമദ്വാരത്തിനടുത്ത് ഞങ്ങളെ ഇറക്കി വിട്ടു. കാലനെ മറികടന്നു കാലാരിയെ കാണാനുള്ള യാത്രയാണ്. നടന്നുകൊണ്ട് പരിക്രമണം നടത്താനാവില്ലെന്നു ഞങ്ങള്‍ക്ക് അപ്പോഴേക്കും തീര്‍ച്ചയായിരുന്നു. കുതിരപ്പുറത്താകാം പരിക്രമണം എന്നുറപ്പിച്ചു. 2500 യുവാനാണ് നിരക്ക്. ഏകദേശം നമ്മുടെ 28,000 രൂപ. കൈലാസപര്‍വതം കൂടുതല്‍ തെളിഞ്ഞുവരുന്നു. മഞ്ഞുമൂടിയ ഈ ധവള പര്‍വതം ഭസ്മാഭിഷിക്തനായ കൈലാസ നാഥന്‍ തന്നെയല്ലെ. ജടാധാരിയായ പരമേശ്വരന്‍ ! പോകുന്ന വഴിയില്‍ ചുറ്റുപാടും പച്ചപ്പേ ഇല്ല. ഇരുഭാഗത്തും ഉയർന്നു നില്‍ക്കുന്ന പര്‍വതനിരകള്‍. ഇടക്ക് ചോലകള്‍. ആകാശത്തിന് ചാരനിറമാണ് . തവിട്ടുനിറത്തിന്റെ പല ഭാവങ്ങളാണ് ചുറ്റും. ഏതോ പ്രാക്തന കാലത്തിലൂടെ സഞ്ചരിക്കുന്നതു പോലെ.

പര്‍വതങ്ങള്‍ തുമ്പിക്കൈ നീട്ടി നില്‍ക്കുന്നതുപോലുണ്ട്. മേലെ മഞ്ഞിന്റെ അലുക്കുകളും, പിന്നെ താമരപോലെ വിരിഞ്ഞു നില്‍ക്കുന്ന പര്‍വതങ്ങളും. ദൂരെ ലക്ഷ്യമായി, മാര്‍ഗമായി കൈലാസത്തിന്റെ ധവളപ്രഭ മനം കവരുന്നു. ഇടത്താവളങ്ങളില്‍ അല്‍പനേരം വിശ്രമിച്ച് വീണ്ടും മുന്നോട്ട്. കുതിരപ്പുറത്തുള്ള യാത്ര ഞാനേറെ ആസ്വദിക്കുന്നുണ്ട്. വഴിയില്‍ നടന്നും, കുതിരപ്പുറത്തും പരിക്രമണം നടത്തുന്ന യാത്രികര്‍. വേറെ ചിലര്‍ ബുദ്ധമതാനുയായികളാണെന്ന് തോന്നുന്നു, നമസ്‌കരിച്ചുകൊണ്ട് കൈലാസത്തെ വലം വെക്കുകയാണ്. നമസ്‌കരിച്ച സ്ഥലത്ത് വരവരച്ചുകൊണ്ട് അവിടെ നിന്നും അടുത്ത നമസ്‌കാരം. മുന്‍ഭാഗത്ത് ചാക്കുപോലെ തോന്നിക്കുന്ന നീണ്ട ഉടുപ്പ്. നമസ്‌കരിക്കുമ്പോള്‍ കാലിന് പരിക്കേല്ക്കാതിരിക്കാനാവണം. തണുപ്പും, കാറ്റും, വെയിലുമേറ്റ് അവരുടെ മുഖങ്ങള്‍ കരിവാളിച്ചിട്ടുണ്ട്‌. ചുളിവുവീണ ആ മുഖത്തേക്ക് നോക്കുമ്പോൾ പ്രായം പോലും ഊഹിക്കാനാവുന്നില്ല. മൂന്നാഴ്ചയെങ്കിലും എടുക്കുമത്രെ പരിക്രമണം പൂര്‍ത്തിയാക്കാന്‍. അന്യാധീനപ്പെട്ട തങ്ങളുടെ ഭൂമിയിൽ, തനതു സംസ്കാരം ഇനിയും നശിക്കാതെകാത്തുസൂക്ഷിക്കുന്ന അവരുടെ തപസ്സിന് , നിഷ്ഠക്ക് മനസ്സുകൊണ്ട് പ്രണാമമര്‍പ്പിച്ചു.

വൈകീട്ട് അഞ്ചരയോടെ ഡെറാപുക്കിലെത്തി. കൈലാസപര്‍വതത്തിന്റെ വളരെ അടുത്ത ദര്‍ശനം. ആരേയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന തീവ്രദൃശ്യം. കുതിരപ്പുറത്തു നിന്നും ഇറങ്ങി തൊഴുതു. നടക്കാനാകുന്നില്ല. മനമ്പുരട്ടുന്നു. എങ്ങനെയോ മുറിയിലെത്തി. ഷെര്‍പ്പ കരുണയോടെ, കരുതലോടെ ഓരൊന്നു ചോദിക്കുന്നുണ്ട്. സദ്ഗമയ നാട്ടില്‍ നിന്നും കൊണ്ടുവന്ന പൊടിയരി കൊണ്ടുള്ള കഞ്ഞി കുടിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഒന്നും തോന്നുന്നില്ല. രക്തത്തില്‍ ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞിരിക്കുന്നു. എന്തൊക്കെയോ വിചിത്ര സ്വപ്നങ്ങള്‍ക്കിടയില്‍ മയങ്ങിയും, ഉണർന്നും നേരം വെളുപ്പിച്ചു. പുറത്തുനിന്നും ഉച്ചത്തില്‍ ശബ്ദം കേട്ട് എങ്ങനെയോ വരാന്തയിലെത്തി. മുന്നിൽ ഉദയസൂര്യന്റെ രശ്മികളേറ്റ് കൈലാസം സുവര്‍ണ്ണനിറമായി ഉരുകുന്നു. ശരീരത്തിന്റെ തളര്‍ച്ച ഇപ്പോള്‍ പ്രശ്‌നമേ അല്ല. ദൃശ്യചാരുതയില്‍ മനസ്സ് ഉണർന്നു കഴിഞ്ഞു. അല്‍പം കഴിഞ്ഞതോടെ വെള്ളി നിറത്തില്‍ കൈലാസം വടക്കുംനാഥനായി നിവർന്നു നില്‍ക്കുന്നു.

കുതിരക്കാരന്‍ തിരക്കുകൂട്ടിത്തുടങ്ങി. തിരിച്ചുപോകാനുള്ള സമയമായത്രെ. കുതിരപ്പുറത്തു
കയറി മുന്നോട്ട് പോകുമ്പോള്‍ കൈലാസം കാണാനേ ഇല്ല. തലേദിവസം മുഴുവന്‍നേരവും കണ്ടുകൊണ്ടിരുന്ന കൈലാസം എവിടെപ്പോയി? പരിചയിച്ചിട്ടില്ലാത്ത ഭൂപ്രദേശം. പരിചിതമല്ലാത്ത കാലാവസ്ഥ . വ്യത്യസ്തമായ ആകാശം. കുതിരക്കാരന്‍ വേഗത കൂട്ടുന്നു. കുതിര സവാരി എനിക്കേറെ ആത്മവിശ്വാസം തരുന്നു. ഭൂതകാലത്തെ ഏതോ വീരയോദ്ധാവാണെന്നാണ് എന്റെ കല്‍പന. ഉയരം കയറുമ്പോള്‍ മുന്നോട്ടാഞ്ഞും, ഇറങ്ങുമ്പോള്‍ പിന്നോട്ട് വലിഞ്ഞും, നമശ്ശിവായ മന്ത്രം ജപിച്ചും വേഗത്തില്‍ മുന്നോട്ടു പോവുകയാണ്. കുതിരക്കാരന്‍ പയ്യനും ഇടക്ക് എന്നോടൊപ്പം നമശ്ശിവായ എന്നു പറയുന്നുണ്ട്. വളരെ പെട്ടെന്ന് ദര്‍ച്ചനില്‍ തിരിച്ചെത്തി. എന്റെ ബാക്ക്പാക്ക് അരികത്ത് വെച്ചുതന്ന് അവന്‍ അപ്രത്യക്ഷനായി . ഞാന്‍ ഏതോ നിസ്സംഗഭാവത്തിലാണ്. ഇന്നലെ തെളിഞ്ഞുകണ്ട കൈലാസം ദര്‍ച്ചനിലും കാണാനില്ല. അപ്പോഴാണ് മാനസസരോവറില്‍ വെച്ച് പരിചയപ്പെട്ട യാത്രികരെ ഓര്‍ത്തത്. അവര്‍ കൈലാസയാത്ര കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു. മൂടല്‍മഞ്ഞുകാരണം അവര്‍ കൈലാസം കണ്ടതേ ഇല്ലെന്നു പറഞ്ഞതിന്റെ ഗൗരവം ഇപ്പോഴാണ് മനസ്സിലായത്.

കുറച്ചുകഴിഞ്ഞപ്പോഴേക്കും കൂടെയുള്ളവര്‍ ഓരോരുത്തരായി തിരിച്ചുവരുന്നുണ്ട്. ഞങ്ങള്‍ കുറച്ചുപേരെ ഷെര്‍പ ഒരു കാറില്‍ കയറ്റി ഹോട്ടലിലേക്ക് വിട്ടു. ഡ്രൈവര്‍ ഞങ്ങളെ ഒരു കടയ്ക്കു മുന്നിൽ ഇറക്കി. ചുറ്റും നോക്കിയപ്പോള്‍ ഹോട്ടല്‍ കാണാനില്ല. നമ്മള്‍ പഠിച്ച ഒരു ഭാഷയും ഡ്രൈവറോടോ, ആ കടയിലെ ആള്‍ക്കാരോടോ സംവദിക്കാന്‍ പ്രാപ്തമല്ല. എന്നെ സംബന്ധിച്ച് ഇതൊന്നും പ്രശ്‌നമല്ല. കൈലാസ ദര്‍ശനം സാധിച്ചു. ശരീരത്തിന്റെ ഏറ്റവും പരിക്ഷീണമായ അവസ്ഥയിലും സത്യമായി, ആനന്ദമായി, ജ്ഞാനമായി വര്‍ത്തിക്കുന്ന ആത്മപ്രകാശമാണ് എനിക്കു കൈലാസം. വേറൊന്നും എന്നെ അലട്ടുന്നില്ല. ഇടക്ക് ജ്യേഷ്ഠനും , ഏടത്തിയമ്മയും കൂടെയുള്ളവരെ അന്വേഷിച്ചുപോയി . വഴിയില്‍ വെച്ച് ഷെര്‍പ്പയെ കണ്ടത്രെ . രണ്ടു മൂന്നു ഷെര്‍പ്പകള്‍ ഓടിവരുന്നു, ക്ഷമാപണം പറയുന്നു. ഞങ്ങളുടെ ബാഗുകള്‍ തോളിലിട്ട് ഞങ്ങളേയും കൊണ്ട് ഹോട്ട ലിലേക്ക് നടക്കുന്നു. അന്ന് വിശ്രമിച്ചശേഷം പിറ്റേന്ന് മാ നസസരോവറിലേക്ക് തിരിച്ച് യാത്ര.മാനസ സരോവറിലെത്തിയപ്പോള്‍ അവിടേയും കൈലാസം ദൃശ്യമല്ല. ഇനി ഞങ്ങളുടെ ഉള്ളിലാണ് കൈലാസം നിത്യസാന്നിധ്യമായി നിറഞ്ഞുനില്‍ക്കേണ്ടത്. അതായിരിക്കും മഹാദേവന്റെ തീരുമാനം.

ടെക്‌ലാകോട്ടിലേക്കുള്ള ബസ്സ് വരാന്‍ വൈകി. ശരീരത്തിന്റെ ക്ഷീണം വളരെ കുറഞ്ഞിരിക്കുന്നു. ഇനി ഹില്‍സയിലേക്കു പോകണം. ഹില്‍സയിലെത്തിയപ്പോള്‍ കാലാവസ്ഥ മാറിത്തുടങ്ങി . രാത്രി മുഴുവന്‍ നല്ല മഴ. രാവിലെ പുറപ്പെടേണ്ട ഹെലികോപ്റ്റര്‍ വളരെ വൈകിയാണ് സിമിക്കോട്ടിലേക്ക് യാത്ര തിരിച്ചത്. പക്ഷെ ക്ഷീണം കുറഞ്ഞതുകൊണ്ട് ഹിമാലയ ദൃശ്യങ്ങളുടെ സൗന്ദര്യം കൂടുതല്‍ തീവ്രമായ അനുഭൂതിയായി മാറി. ജീവിതത്തില്‍ കാണേണ്ടതെല്ലാം കണ്ടു കഴിഞ്ഞതുപോലെ. ഇതിലും ദിവ്യമായ മനോഹരമായ ഒരനുഭവവും ജീവിതത്തില്‍ സംഭവിക്കാനില്ലാത്തതുപോലെ. സിമിക്കോട്ടില്‍ നിന്നും വിമാനം പുറപ്പെടുന്നതിലും അനിശ്ചിതത്വം ഉണ്ടായിരുന്നു. ഒടുവില്‍ ഒരു ദിവസം വൈകിയാണെങ്കിലും സിമിക്കോട്ടില്‍ നിന്നും നേപ്പാള്‍ ഗഞ്ചിലെത്തി. അപ്പോഴേക്കും കൂടെയുള്ള നാലുപേര്‍ ഇനിയും സിമിക്കോട്ടിൽ നിന്നും വിട്ടിട്ടില്ലെന്ന വാര്‍ത്ത വന്നു. ഒരിക്കലും പിരിമുറുക്കം പ്രകടിപ്പിക്കാത്ത ദിവാകര്‍ജിയും, വിനോദ്ജിയും വളരെ സക്രിയമായ ഇടപെടലുകള്‍ നടത്തുന്നുണ്ട് . നേതൃത്വം കൊടുത്തുകൊണ്ട് സ്വാമിജിയും അവരോടൊപ്പമുണ്ട്. യാത്രികരില്‍ പലരും അവര്‍ക്കുള്ള സ്വാധീനം ഉപയോഗിക്കുന്നുണ്ട്. അവരുടെ ആത്മവിശ്വാസം ഞങ്ങളിലേക്കും പടർന്നു.

നേപ്പാള്‍ ഗഞ്ചില്‍ നിന്നും ഞങ്ങള്‍ കാഠ്മണ്ഡുവിലേക്ക് പറന്നു. പശുപതിനാഥ ക്ഷേത്ര ദര്‍ശനം നടത്തി. പിറ്റേ ദിവസം വൈകീട്ട് ഡൽഹി വഴി നെടുമ്പാശേരിയിലെത്തി. കൈലാസയാത്രയുടെ മടക്കം ഏറെ വിവരിക്കാമായിരുന്നു. പക്ഷെ എനിക്ക് കൈലാസവും, ഹിമാലയവും നല്‍കിയ അനുഭവങ്ങള്‍ക്കപ്പുറം മറ്റൊന്നും പ്രസക്തമല്ലാതായിരിക്കുന്നു.
വീട്ടിലെത്തിയതും മക്കളോട് പറഞ്ഞു, ‘കൈലാസയാത്രക്കൊരുങ്ങിക്കോളു. എത്രയും വേഗമാകുന്നുവോ അത്രയും നന്ന്. കാരണം, അത് ജീവിതത്തെ, നമ്മുടെ ദൃഷ്ടിയെ മാറ്റിമറക്കും. വിശാലബുദ്ധി പ്രദാനം ചെയ്യും.

അപൂര്‍വത്തില്‍ അപൂര്‍വമായ ഇത്തരം പ്രകൃതി വിശേഷങ്ങളില്‍ ഈശ്വരീയത ദര്‍ശിച്ച ഋഷിമാരെ, അവരുടെ ആത്മീയ ഗരിമയെ തിരിച്ചറിയുന്നതോടെ ഭാരതത്തെ യഥാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ തുടങ്ങും.സിമിക്കോട്ടില്‍ പെട്ടുപോയ യാത്രികര്‍ ഞങ്ങള്‍ നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു പോറലേല്ക്കാതെ , പ്രതിസന്ധിയെ അവസരമാക്കി മാറ്റി, പ്രസാദചിത്തരായി നാട്ടിൽ തിരിച്ചെത്തി . അതോടെ കൈലാസാനുഭവം അഥവാ സത്തിലേക്കുള്ള ഗമനം അത്യന്തം ശുഭ പര്യവസായിയായി.

പദ്മജ വേണുഗോപാൽ

704 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close