Movie

സ്റ്റീഫൻ നെടുമ്പള്ളി വെറുതെ ചാർത്തിയ ഒരു പേരല്ല

അശ്വിൻ രാധാകൃഷ്ണൻ

‘സ്റ്റീഫൻ നെടുമ്പള്ളി’ ഈ പേര് എഴുത്തുകാരൻ വെറുതെ അങ്ങ് ചാർത്തിയതാണെന്ന് കാണാൻ ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് പറഞ്ഞതിൽ ഏറെയും പറയാതെ പറയുന്ന എഴുത്തുകാരനിൽ നിന്നും. സെന്റ് സ്റ്റീഫൻ ക്രിസ്തീയ സഭകളിലെ ആദ്യ രക്തസാക്ഷിയാണ്, കല്ലെറിഞ്ഞ് കൊല്ലപ്പെട്ടവൻ. തങ്ങൾക്ക് അനഭിമിതമായത് പറഞ്ഞു എന്നതിന് കള്ള സാക്ഷി പറയപ്പെട്ട് ശിക്ഷിക്കപ്പെട്ടവൻ. ഒരു വിശുദ്ധ രൂപത്തിൽ കഥാപാത്രം ഹൃദയങ്ങളിൽ ഇടം നേടുകയാണ്. കഥ അങ്ങനെ മുന്നോട്ട് പോയി ഒടുവിൽ ഒരു നന്മ മരം പൂത്തുലഞ്ഞ് പെയ്യാമായിരുന്നു.

‘സ്റ്റീഫൻ നമ്മളുദ്ദേശിച്ച ആളല്ല’ ഈ മുന്നറിയിപ്പ് പ്രേക്ഷകനാണ്.
അതേ,നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് രാഷ്ട്രീയമെന്നതാണ് നാം പഠിച്ച വലിയ കള്ളങ്ങളിൽ ഒന്ന്. തിന്മയും തിന്മയും തമ്മിലായിരുന്നു ഇക്കാലമത്രയും പോരാട്ടം. ഏതിലാണ് കുറവ് തിന്മ എന്നത് തിരിച്ചറിയുന്നതിലാണ് കാര്യം.

സഭാ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി സെന്റ് സ്റ്റീഫനാണെങ്കിൽ. ക്രിസ്തുവാണ് ആദ്യ ക്രിസ്ത്യാനി രക്തസാക്ഷി, നമ്മുടെ നായകൻ സ്റ്റീഫൻ നെടുമ്പള്ളിയും രക്തസാക്ഷിയാകുമായിരുന്നു. ക്രിസ്തുവിന്റെ അജ്ഞാത നാളുകളിലെ നിഗൂഢത സ്റ്റീഫനും അവന്റെ ജീവിതത്തിലുണ്ട്. സ്റ്റീഫൻ വിശുദ്ധനായിരുന്നില്ല, രക്തസാക്ഷിയാകുന്നുമില്ല എന്നതിലാണ് കഥ.

വെറുതെ ഒരു മാസ്സ് ആക്ഷൻ പടം എഴുതി കയ്യടിപ്പിക്കുന്നതിൽ അപ്പുറം ചിലത് പറയുന്നുണ്ട് മുരളി ഗോപി. അത് ഫലപ്രദമായി സ്ക്രീനിലെത്തിച്ചതിന് മാർക്ക് പൃഥ്വിരാജിന് തന്നെയാണ് എന്നതിൽ തർക്കമൊന്നുമില്ല. ഇവിടെ പറയാനുദ്ദേശിക്കുന്നത് എഴുത്തുകാരൻ കൈകാര്യം ചെയ്ത് വിജയിച്ചു നിൽക്കുന്നത് എത്രമാത്രം ഗൗരവമായ വിഷയമാണെന്നതാണ്. അത്രമേൽ നിസ്സാരമെന്ന് തോന്നുന്ന ആളുകൾ, സംഭവങ്ങൾ ഒന്നും തന്നെ നിസ്സാരമല്ല. ‘ഒരു മര്യാദ ഒക്കെ വേണ്ടേടെ’ എന്ന് പറഞ്ഞ് നിസ്സാരക്കാരനായ മുരുഗൻ നാളെ ആരെ വേണമെങ്കിലും വെടി വെച്ചിടാം. വളരെ ചെറുതെന്ന് തോന്നുന്ന പലതും വെറുതെ അല്ല, വെൽ ആന്റ് പ്രീ പ്ലാൻഡ് ആകാം.

ലൂസിഫറിന്റെ പ്രമോഷൻ സമയത്ത് സംവിധായകനും എഴുത്തുകാരനും ആവർത്തിച്ചത് പറഞ്ഞത് ഓർത്തെടുത്താൽ മതിയാകും. നാം ഈ കാണുന്ന ലോകത്തിന് പിന്നിൽ നമ്മളറിയാതെ നമ്മൾ നിയന്ത്രിക്കപ്പെടുന്ന ചില ശക്തികളുണ്ട് അതിലേക്കാണ് കഥ വെളിച്ചം വീശുന്നത്.

‘വെളിച്ചത്തിൽ ഒളിച്ച് ഇരുട്ടിൽ പടർന്ന് ‘
അത് പ്രകാശമല്ലാതെന്താണ്?
ഇല്യുമിനാറ്റി നിലവിൽ വന്നതിനെ പറ്റി നിരവധി സിദ്ധാന്തങ്ങളുണ്ട്. ഏതായാലും ലോകത്തിന്റെ നന്മക്ക് തങ്ങളുടെ അറിവുകൾ പകർന്നു കൊണ്ടിരിക്കുന്ന ഒരു സീക്രട്ട് സൊസൈറ്റിയുടെ ഭാഗമാണ് സ്റ്റീഫൻ. അയാൾ മാത്രമല്ല ജതിൻ രാംദാസും!

ജതിൻ പ്രിയദർശിനിക്ക് ഒരു ട്രക്കിംഗിന് പോകുന്നതിനെ പറ്റി മെസ്സെജ് അയച്ചിരുന്നു. പിന്നെ സ്വിച്ച് ഓഫ് ! അജ്ഞാതമായ മറ്റൊരു അധ്യായം. നമ്മുക്കറിയാത്ത എന്നാൽ അറിയാവുന്ന പലതും ഇങ്ങനെയാണ്. ഇനി ലോക നേതാക്കന്മാരുടെ, മഹതുക്കളുടെ ലിസ്റ്റ് എടുക്കുക. അജ്ഞാതമായ പലതും പരതുക.

കാണാതായ നാളുകൾ, കാണാതാകുന്ന നാളുകൾ. മുരളി ഗോപി നൽകിയത് ഒരു സൂചനയാകാം. പറയാതെ പറയുന്ന രാഷ്ട്രീയം ഇത്ര മാത്രം, തിന്മയും തിന്മയും തമ്മിലായിരുന്നു ഇതുവരെ ഉള്ള സകലതും, തിന്മ ഏതിലാണ് കുറവെന്ന് തിരിച്ചറിയുക. നന്മ നിറഞ്ഞ ലോകം അപ്രാപ്യമായതാണ്, അതിൽ ജീവിതമില്ല. ജീവിതം മനുഷ്യനെ പാപി ആക്കുന്നു. നാം അറിയാതെ പാപം ചെയ്യുന്നു. അറിവുള്ളവർ കുറഞ്ഞ പാപം ചെയ്യുന്നു. നന്മയിൽ താദാത്മ്യം പ്രാപിച്ചാൽ പിന്നെ അനന്തത.

വെറുമൊരു മാസ് ആക്ഷൻ എന്നതിലപ്പുറം ലൂസിഫർ എന്ന സിനിമയിൽ മുരളി ഗോപി എന്ന എഴുത്തുകാരൻ സംവദിക്കുന്നത് പതിവ് പോലെ അതീവ ഗൗരവമേറിയ വിഷയമാണ്. അത് പൃഥ്വിരാജ് എന്ന സംവിധായകൻ മോഹൻലാൽ എന്ന നടനിലൂടെ പകർന്നപ്പോൾ ഇത്രമേൽ ജനകീയവുമായി.

3K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close