ലണ്ടന്‍: ബ്രക്സിറ്റില്‍ അന്തിമ തീരുമാനം എടുക്കാന്‍ ബ്രിട്ടന് ആറ് മാസം കൂടി. ജൂണ്‍ 30 വരെ സാവകാശം ചോദിച്ച തെരേസ മേക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിരിയാനുള്ള ബ്രിട്ടന്റെ തീരുമാനം നടപ്പാക്കാന്‍ ഒക്ടോബര്‍ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സമയം നീട്ടണമെന്ന തെരേസ മേയുടെ ആവശ്യത്തിന്മേല് യൂറോപ്യന്‍ യൂണിയന് അടിയന്തരയോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 29 ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയപരിധി. കാലാവധി നീട്ടിയ പശ്ചാത്തലത്തില്‍ മെയ് 23ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ബ്രിട്ടന് മത്സരിക്കേണ്ടി വരും.
വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഒരു വര്‍ഷം വരെ സമയമെടുക്കാമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സമയം ദീര്‍ഘിപ്പിക്കല്‍ പ്രമേയത്തെ ബ്രിട്ടന് ഒഴികെയുള്ള 27 അംഗങ്ങളും അനുകൂലിച്ചു. വ്യക്തമായ കരാറില്ലാതെ ബ്രിട്ടന് പിരിയുന്നതിനോട് മറ്റ് രാജ്യങ്ങള്‍ക്കും എതിര്‍പ്പാണ്. കരാറിന് അനുമതി തേടി തെരേസ മേ പാര്‍ലമെന്റില്‍ നടത്തിയ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഈസ്റ്ററിന് ശേഷമാണ് ഇനി പാര്‍ലമെന്റ് ചേരുകയുള്ളു. പുതിയ വേര്‍പിരിയല്‍ കരാര്‍ സംബന്ധിച്ച് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.