ന്യൂഡൽഹി : ഒരു ഭീഷണിയ്‌ക്കും വഴങ്ങി റഷ്യയുമായുള്ള എസ്-400 ട്രയംഫ് കരാറിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ ആക്രമണ ഭീതിയിൽ പാകിസ്ഥാൻ. ഈ മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് ആയുധം കൈമാറുന്ന കാര്യത്തില്‍ റഷ്യ കുറച്ചുകൂടെ ജാഗ്രത കാണിക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
എസ്-400 ആന്റി-ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റം പോലെയുള്ള ആയുധങ്ങള്‍ ഈ പ്രദേശത്തിന്റെ തന്ത്രപരമായ സന്തുലിതയെ ഇല്ലാതാക്കും. ഇത്തരം ആയുധങ്ങള്‍ കൈയില്‍ വന്നാല്‍ ഇന്ത്യയ്‌ക്ക് ശത്രു രാജ്യങ്ങളെ ആക്രമിക്കാന്‍ തോന്നിയേക്കാമെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് 5.43 ബില്ല്യന്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യ റഷ്യയുമായി ഒപ്പുവച്ചത്.നേരത്തെ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്‌ക്കു മേലും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭീഷണിയ്‌ക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും, കരാർ ഉപേക്ഷിക്കില്ലെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ ഭീഷണി വകവയ്‌ക്കാതെയാണ് ഇന്ത്യ അഞ്ച് എസ്-400 എന്ന ആന്റി ബാലിസിറ്റിക്ക് മിസൈൽ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിലൊരു ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം സ്വന്തമാക്കാനുള്ള തീരുമാനം ഇന്ത്യയുടെ തന്ത്രത്തിന്റെ ഭാഗമാണ് എന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.
അടുത്തിടെ നടത്തിയ ആന്റി സാറ്റലൈറ്റ് പരീക്ഷണവും തങ്ങള്‍ക്ക് ഉത്കണ്ഠയുളവാക്കുന്നതായി പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഏതു പരീക്ഷണം ഇന്ത്യ നടത്തിയാലും ഒപ്പം നിൽക്കുന്നതിലും,നൂതന സാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യുന്നതിലുമുള്ള രാജ്യാന്തര ശക്തികളോടുള്ള പാകിസ്ഥാൻ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.
നാറ്റോ രാജ്യങ്ങൾക്കിടയിലെ മുഖ്യ വിഷയവും ഇപ്പോൾ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചിരിക്കുന്ന ഈ ആയുധങ്ങളാണ്.
അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത അങ്ങനെ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്.
അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ്.പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്.അതു തന്നെയാണ് ട്രയംഫിന്റെ ശക്തിയും.
അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങാൻ തയ്യാറെടുക്കുന്ന ഒരു എസ്–400 ട്രയംഫ്.
അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സംവിധാനമായ ട്രയംഫിന് പാകിസ്ഥാന്റെയോ,ചൈനയുടെ മിസൈലുകൾ അതത് രാജ്യത്തു വച്ചു തന്നെ തകർക്കാൻ സാധിക്കുമെന്നതും എടുത്തു പറയേണ്ടതാണ്.















