ന്യൂ ഡല്‍ഹി: മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 10-ാം തീയ്യതി മുതല്‍ ഏപ്രില്‍ 15 വരെയുള്ള ദിവസങ്ങളില്‍ 647 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയത്.
കള്ളപ്പണത്തിന് പുറമേ 500 കോടിയോളം രൂപയുടെ ആഭരണങ്ങളും 1100 കോടിയോളം രൂപ വില മതിക്കുന്ന 48,804 കിലോ ലഹരിമരുന്നുകളും പിടികൂടിയിട്ടുണ്ടെന്ന വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടത്.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് അനധികൃതമായ പണമിടപാടുകളും മറ്റും കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യവ്യാപകമായി നടത്തിയ പരിശോധനകളില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം പിടികൂടിയത് 183 കോടി രൂപയുടെ കള്ളപ്പണമാണ്.ഈ മാസം ഏപ്രില്‍ ഏഴിന് മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മാത്രം 9 കോടിയോളം രൂപ കണ്ടെത്തിയെന്നുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.