KeralaSpecial

അമ്മയുടെ നിര്‍വചനം മാറുമ്പോള്‍……..

എസ്.കെ ശാരിക

അമ്മയുടെ കരങ്ങളിലും സുരക്ഷിതമല്ലാത്ത ബാല്യം. അമ്മയെന്ന വികാരത്തിന് പുതിയ നിര്‍വചനങ്ങള്‍ നല്‍കേണ്ടിവരുന്നു. പത്തുമാസം സ്വന്തം ഉദരത്തില്‍ പേറി ജീവന്റെ തുടിപ്പും ചലനങ്ങളും ഉള്‍ക്കൊള്ളുന്ന അമ്മ.

ഒരു നവജാത ശിശു സ്വന്തം അമ്മയെ തിരിച്ചറിയുന്നത് ശരീരത്തിന്റെ ഗന്ധം കൊണ്ടാണ്. ആ ഗന്ധമാണ് ആ കുഞ്ഞിന്റെ ഊര്‍ജം. അതാണ് ആ കുഞ്ഞിന്റെ നിര്‍വൃതി. അമ്മയുടെ കരങ്ങളിലെ തണുപ്പും കേവലം സാമീപ്യം പോലും എത്ര പ്രായമായാലും സാന്ത്വനമാണ്. ഇത് അമ്മയെ കുറിച്ചുള്ള പഴയ സങ്കല്‍പമാണെന്ന് പറയേണ്ടി വരുമോ….?

അത്തരത്തിലാണ് കേരളത്തിന്റെ അമ്മയെന്ന സങ്കല്‍പം മാറുന്നത്. അമ്മ വികാരവും സ്വകാര്യ അഹങ്കാരവുമായിരിക്കുന്ന കാലം വിസ്മൃതിയിലാകുകയാണ്.

സമീപകാലത്താണ് മലയാളികള്‍ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു സംഭവത്തിന് മൂക സാക്ഷി ആകേണ്ടി വന്നത്. വെറും ഏഴ് വയസ് മാത്രമുള്ള കുട്ടിയെ അമ്മയുടെ കൂട്ടുകാരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാത്രമല്ല മരിച്ച കുട്ടിയെയും മൂന്നു വയസുകാരന്‍ അനുജനെയും രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് കുട്ടികളുടെ അമ്മ സാക്ഷിയായിരുന്നുവെന്നതാണ് ശ്രദ്ധേയം. കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛന്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്….? സ്വന്തം കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുമ്പോള്‍ ഒരു അമ്മയെന്ന നിലയില്‍ അവര്‍ക്ക് അത് തടയാമായിരുന്നില്ലേ….? എന്തു കൊണ്ട് തടഞ്ഞില്ല. സ്വന്തം ജീവിതം എന്ന സ്വാര്‍ത്ഥതയാണോ ആ കുട്ടിയെ മരണത്തിന് വിട്ടുകൊടുത്തത്.

പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാത്രി അഞ്ചും ഏഴും വയസ് മാത്രം പ്രായമുള്ള കുട്ടികളെ വീട്ടില്‍ തനിച്ചാക്കി അമ്മയും കൂട്ടുകാരനും പുറത്തുപോകാറുണ്ടായിരുന്നുവെന്നാണ്. കുട്ടികള്‍ക്ക് ഭക്ഷണം പോലും ഉറപ്പാക്കാതെയാണ് രാത്രിയില്‍ അമ്മയുടെ കറക്കം.

കുട്ടി മരിച്ച സമയത്ത് ഒരു പ്രമുഖ പത്രം ഒരു റിപ്പോര്‍ട്ട് കൊടുത്തിരുന്നു. വിശന്ന് വലഞ്ഞ ഏഴ് വയസുകാരന്‍ കൂട്ടുകാരോട് ‘ വിശക്കുന്നെടാ… ഒരു ബിസ്‌ക്കറ്റ് താടാ’ എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ വെറും ഏഴ് വയസ് മാത്രമുള്ള കുട്ടി ഇത്തരത്തില്‍ ഭക്ഷണത്തിന് വേണ്ടി യാചിക്കണമെങ്കില്‍ അതിന് ഉത്തരവാദി ആരാണ്. ഒരു അമ്മയ്ക്ക് അറിയില്ലേ കുട്ടിക്ക് വിശക്കുമെന്നും സമയത്ത് ഭക്ഷണം കൊടുക്കണമെന്നും.

മാത്രമല്ല കുട്ടികള്‍ മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടിരുന്ന രണ്ടാനച്ഛന്റെ ലൈംഗിക വൈകൃതത്തിനും പാത്രമാകേണ്ടി വന്നു. മൂന്നരവയസുകാരനായ മരിച്ച കുട്ടിയുടെ സഹോദരന്റെ സ്വകാര്യ ഭാഗങ്ങള്‍ അണുബാധയാല്‍ നീരു വന്നിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതും കുട്ടികളുടെ അമ്മ അറിഞ്ഞില്ല. കണ്ടില്ല, അറിഞ്ഞില്ലയെന്നതാണല്ലോ പലപ്പോഴും സ്വാര്‍ത്ഥതയ്ക്ക് സാധൂകരണം.

നൂറ് ശതമാനം സാക്ഷരതയുണ്ടെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കൊച്ചു കേരളത്തിലെ അവസ്ഥയാണിത്. കുട്ടിയുടെ അമ്മയാണെങ്കിലോ ബിടെക് ബിരുദ്ദധാരിയും. എന്തിന് പഠിച്ചു. എന്ത് പഠിച്ചു. സ്വന്തം കുട്ടിയെ സംരക്ഷിക്കണമെന്ന സാമാന്യ ബോധംപോലുമില്ലാതെ വിദ്യാഭ്യാസത്തിന് എന്തു വില.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന എത്രയോ സംഘടനകളും സൗകര്യങ്ങളും സജ്ജമായിരിക്കെയാണ് ഒരു നിഷ്‌കളങ്ക ബാല്യം പൊലിഞ്ഞത്. കുട്ടിയെ ഉപദ്രവിക്കുന്നുവെന്ന അമ്മയുടെ ഒരു ഫോണ്‍ കോള്‍ മതിയായിരുന്നു ആ കിരാത ഹസ്തങ്ങളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍. എന്തു സ്വാര്‍ത്ഥതയുടെ പേരിലായാലും എത്ര ന്യായീകരണങ്ങള്‍ നല്‍കിയാലും ആ അമ്മയ്ക്ക് മാപ്പില്ല……

ഈ വാര്‍ത്ത കേട്ട് വിഷാദത്തിലായ കേരളമനസ് ഉണരാന്‍ ദിവസങ്ങളെടുത്തു. മുറിവ് ഉണങ്ങുന്നതിന് മുന്‍പ് തന്നെ കേരളം വീണ്ടും മനസാക്ഷി മടുപ്പിക്കുന്ന അടുത്ത ക്രൂരതയ്ക്ക് ചെവിയോര്‍ക്കേണ്ടി വന്നു.

മൂന്ന് വയസ്സുകാരന്‍ അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ് മരണമടഞ്ഞിരിക്കുന്നു. രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ നിന്നും അമ്മയുടെ മര്‍ദ്ദനത്തിലേയ്ക്കുള്ള ദൂരം വളരെ വലുതാണ്. അമ്മ….. ആ രണ്ടക്ഷരത്തിന് അപ്പുറം അതിന്റെ വലുപ്പവും വികാരവും വളരെ വലുതാണ്.

കുട്ടിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് അമ്മ പോലീസിനു മൊഴി നല്‍കിയത്. കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തിരുന്നുവെന്നും കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിരുന്നു.

എന്തുകൊണ്ട് ഒരമ്മ ഇങ്ങനെ ചെയ്തു. സമ്മര്‍ദ്ദങ്ങളാണോ…? അതോ സാഹചര്യങ്ങളോ…..? വികാരം ഏതായാലും ഏത് അവസ്ഥയിലായാലും ഇത്തരത്തില്‍ ഒരു പ്രതികരണം സ്ത്രീയായാലും പുരുഷനായാലും സാധ്യമാണോ….? അത് ചോദ്യ ചിഹ്നമായി തന്നെ അവസാനിക്കുന്നു.

ഏത് മനുഷ്യനും വാല്‍സല്യം കൊതിക്കുന്നവരാണ്. സാന്ത്വനം ആഗ്രഹിക്കുന്നവരാണ്. അമ്മയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നതും ഇതാണ്.

ഒരു മനുഷ്യന്‍ 100 വയസായാലും വിശ്രമാവസ്ഥ കൈവരിക്കുന്നത് അമ്മയുടെ ഗര്‍ഭാവസ്ഥയില്‍ കിടക്കുന്ന അവസ്ഥയിലാണ്. കൈകാലുകള്‍ മടക്കി വലത്തോട്ട് ചരിഞ്ഞ് ഉറങ്ങുകയെന്നത് തന്നെയാണ്. അത് പ്രകൃതിയാണ്. പാരമ്പര്യമാണ്. ഇത്തരത്തിലുള്ള പൈതൃകം കാത്ത് സൂക്ഷിക്കുന്ന നമ്മുടെ കൊച്ചു കേരളവും വാല്‍സല്യത്തിന്റെ അതിര്‍ വരമ്പുകള്‍ക്ക് അപ്പുറമായി.

അമ്മയെന്ന വികാരവും ബന്ധവും അങ്ങനെതന്നെ നിലനില്‍ക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. മൂന്ന് വയസില്‍ ജനിപ്പിച്ച അമ്മയുടെ കൈകൊണ്ട് തന്നെ ജീവിതം അവസാനിക്കേണ്ടി വന്ന ആ കുഞ്ഞു മനസ് മാപ്പ് നല്‍കട്ടെ….. കൂടെ ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകല്ലേയെന്നും പ്രാര്‍ത്ഥിക്കാം……

135 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close