പ്രവാസികളുടെ വിഷു ആഘോഷം വിഷു ദിനം കൊണ്ട് അവസാനിക്കുന്നതല്ല. വിവിധ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷങ്ങൾ ആഴ്ചകളും മാസങ്ങളും നീളുന്നതാണ്.
അബുദാബി മലയാളീ അറബ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ വിഷു ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷത്തിൽ സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
ചടങ്ങിൽ ജനം ടി.വി. മാനേജിങ് ഡയറക്ടർ പി വിശ്വരൂപനെ ആദരിച്ചു. മാക്സ് കുടുബംഗങ്ങളുടെ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
മുസഫ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിഷു ആഘോഷം സംഘടിപ്പിച്ചു.കണിദർശനവും, കുട്ടികളുടെ കലാപരിപാടികളുമൊക്കെയായി വിപുലമായ രീതിയിലായിരുന്നു ഇത്തവണത്തെ ആഘോഷം. അബുദാബി മലയാളീ സമാജത്തിൽ നടന്ന പരിപാടിയിൽ തനത് രീതിയിലുള്ള വിഷു സദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.