കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ നാലാമത് കോർ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും, വിഷു, ഈസ്റ്റർ ആഘോഷവും അബുദാബി മലയാളി സമാജത്തിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറി.
ഐ.ബി.എ ചെയർമാൻ റഫീക് ഹൈദ്രോസ് അധ്യക്ഷത വഹിച്ച പൊതുയോഗം അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ടി.എ നാസർ, നിയുകത വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ജയരാജ് എന്നിവർ ആശംസകൾ നേർന്നു.
കലയെയും, കാരുണ്യ പ്രവർത്തനങ്ങളെയും സമന്യയിപ്പിച്ചുകൊണ്ടുള്ള ഇശൽ ബാൻഡ് അബുദാബിയുടെ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണെന്നും, പ്രവാസി കലാകാരന്മാർക്ക് ഇശൽ ബാൻഡ് അബുദാബി നൽകുന്ന പ്രോത്സാഹനങ്ങൾ വിലമതിക്കാത്തതാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് അബുദാബി മലയാളീ സമാജത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉദ്ഘാടന വേളയിൽ നിബു സാം ഫിലിപ്പ് കൂട്ടിച്ചേർത്തു.
ട്രെഷറർ അബ്ദുൾ കാദർ തിരുവത്ര, ആർട്ട് സെക്രട്ടറി കെ.വി. ബഷീർ, എക്സിക്യൂട്ടീവ് മെമ്പർ നസീർ പെരുമ്പാവൂർ, വടകര എൻ.ആർ.ഐ ഫോറം ജനറൽ സെക്രട്ടറി റജീദ് പട്ടോളി എന്നിവർ പങ്കെടുത്തു.
ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളി സഹോദരന്മാർക്ക് റമളാനിൽ ഇശൽ ബാൻഡ് അബുദാബി നടത്തുന്ന ഇഫ്താർ കിറ്റ് വിതരണ പരിപാടിയുടെ ആദ്യ ഫണ്ട് ഐ.ബി.എ മുഖ്യരക്ഷാധികാരി ഹാരിസ് നാദാപുരം, ജനറൽ കൺവീനർ അബ്ദുള്ള ഷാജിക്ക് നൽകികൊണ്ട് ഉദ്ഘാടനംചെയ്തു. ഓർഗനൈസിങ് സെക്രട്ടറി സാലിത്ത് രാമന്തളി സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് അലി കലൂർമ്മ നന്ദിയും രേഖപ്പെടുത്തി.