തൃശ്ശൂര്‍: പൂരപ്രേമികള്‍ ഇത്തവണ തൃശ്ശൂര്‍ പൂരത്തിന് വെറും കൈയ്യോടെ വന്നാല്‍ മതി. ബാഗുകളുമായി ആരും വരരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് പോലീസ് മുന്നോട്ടു വെക്കുന്നത്. കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും ദേവസ്വം അധികൃതരുടേയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. പൂരത്തിനോടനുബന്ധിച്ച് കൂടുതല്‍ സിസിടിവി ക്യാമറകള്‍ നഗരത്തില്‍ സ്ഥാപിക്കും,ദുരന്തനിവാരണം കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി മോക്ഡ്രില്‍ നടത്തും എന്നിവക്ക് പുറമേ വെടിക്കെട്ടിന് ഉപയോഗിക്കുന്ന വെടിമരുന്നിന്റെ അളവ് കൃത്യമായി അറിയിക്കാന്‍ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ പോലീസിനേയും വിന്യസിക്കാന്‍ തീരുമാനമായിട്ടുണ്ട്.
വെടിക്കെട്ട് സ്ഥലത്തുള്ള വളണ്ടിയര്‍മാര്‍ക്ക് തിളങ്ങുന്ന ജാക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവ ഇല്ലാത്ത പക്ഷം വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ക്ഷേത്രത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.