തിരൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം നഗരസഭാംഗത്തിനെതിരെ കേസ്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. വളാഞ്ചേരി നഗരസഭയിലെ സിപിഎം സ്വതന്ത്ര അംഗവും കാവുംപുറം സ്വദേശിയുമായ ഷംസുദ്ദീന് നടക്കാവിലിന് എതിരെയാണ് കേസ്. പരാതി ഒതുക്കിത്തീര്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണമുയര്‍ന്നതോടെ കേസിന്റെ അന്വേഷണച്ചുമതല തിരൂര്‍ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു.
ഷംസുദ്ദീന് വിദേശത്തേക്ക് കടന്നതായാണ് സൂചന. അന്നത്തെ വളാഞ്ചേരി എസ്ഐയുടെ താമസസ്ഥലം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വച്ച് തന്നെ പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പാവപ്പെട്ട കുടുംബാംഗമായതിനാല്‍ ആരും സംരക്ഷിക്കാനുണ്ടാകില്ലെന്ന് ഭയന്നാണ് ഇത്രയും കാലം വിഷയം പുറത്ത് പറയാതിരുന്നതെന്നും, അപായപ്പെടുത്തുമെന്ന ഭീഷണി ഉണ്ടായിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം ഒരു ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് സഹകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പിന്നീടുണ്ടായ സ്ഥലം മാറ്റത്തില്‍ ഈ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലം മാറിപ്പോയി. പിന്നീട് കുട്ടിയുടെ ബന്ധു ചൈല്‍ഡ് ലൈനിനെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.