ജയ്പൂര്‍: 6 വര്‍ഷം പാകിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ ജുഗ്രാജ് ഭീല്‍ എന്ന യുവാവ് ഇന്ത്യയില്‍ തിരിച്ചെത്തി. രാജസ്ഥാനിലെ ബുന്‍ഡി ജില്ലയിലെ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇതുവരെ ഇയാള്‍ ഒന്നും സംസാരിച്ചിട്ടില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ധര്‍മ്മേഷ് യാദവ് പറഞ്ഞു.
6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാന് അതിര്‍ത്തിയിലുള്ള ഒരു വനത്തില്‍ അകപ്പെട്ട് പോയ ജുഗ്രാജിനെ അതിര്‍ത്തി ലംഘിച്ചെന്ന കാരണത്താല്‍ പാകിസ്ഥാന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാംദേവ്ര എന്ന ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകവേ വഴി തെറ്റിയ ജുഗ്രാജ് അബദ്ധവശാല്‍ പാകിസ്ഥാന് അതിര്‍ത്തി കടക്കുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ ധര്‍മ്മേഷ് യാദവും ജുഗ്രാജിന്റെ സഹോദരന് ബാബുലാല്‍ ഭീലും ചേര്‍ന്നാണ് വാഗാ അതിര്‍ത്തിയിലെത്തി ജുഗ്രാജിനെ സ്വീകരിച്ചത്.
എന്നാല്‍ ജുഗ്രാജിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തിന് സഹോദരന് ബാബുലാലിനെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിരുന്നുള്ളൂ എന്നും തിരിച്ച് നാട്ടിലെത്തിയിട്ടും അദ്ദേഹം ഒന്നും സംസാരിക്കുന്നില്ലെന്നും ധര്‍മ്മേഷ് യാദവ് പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ടാണ് ജുഗ്രാജ് സുരക്ഷിതനായെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ജുഗ്രാജിനെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമായിരുന്നില്ല.