ഖന്ദ്വ: മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തുണ്ടായ പ്രശ്നങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഖന്ദ്വയില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭോപ്പാല്‍ ഗ്യാസ് ദുരന്തം, 1984ലെ സിഖ് വിരുദ്ധ കലാപം, അടിയന്തരാവസ്ഥ കാലത്ത് കിഷോര്‍ കുമാറിന്റെ ഗാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത് തുടങ്ങിയ വിഷയങ്ങളിലെ കോണ്‍ഗ്രസ് നിലപാട് എടുത്തു പറഞ്ഞാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള സാം പിത്രോദയുടെ ‘ഹുവ തോ ഹുവ'(സംഭവിച്ചു, അതിനെന്താണ്) പരാമര്‍ശം ഉപയോഗിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ മനസ്ഥിതിയാണ് പിത്രോദയുടെ പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ക്ക് അവര്‍ നിരോധനം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ തയാറായില്ലെന്നതാണ് നിരോധനത്തിന് കാരണം. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെ റേഡിയോയില്‍ കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ ഇടരുതെന്ന നിര്‍ദ്ദേശം വന്നു. അദ്ദേഹം ഖന്ദ്വക്കാരനാണ്. ഈ മണ്ണില്‍ നിന്നുള്ളയാളാണ്. ഇവിടെ നിന്നുള്ള ആരെങ്കിലും കോണ്‍ഗ്രസുകാരോട് ഇനി ഇതിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയും. കഴിഞ്ഞത് കഴിഞ്ഞു, അതിലെന്താണെന്ന്.
ഭോപ്പാല്‍ ഗ്യാസ് ദുരന്തവും കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് സംഭവിച്ചത്. ആയിരക്കണക്കിന് ആളുകളാണ് വിഷവാതകം ശ്വസിച്ച് പിടഞ്ഞ് മരിച്ചത്. നിരവധി തലമുറകളെ ഇത് നശിപ്പിച്ചു. ആ ദുരന്തത്തിന് കാരണക്കാരായവരെല്ലാം രക്ഷപെട്ടു. ഗവണ്മെന്റ് എയര്‍ക്രാഫ്റ്റിലാണ് കുറ്റാരോപിതരെല്ലാം രാജ്യത്തിന് പുറത്തേക്ക് രക്ഷപെട്ടത്. നിരവധി പേരുടെ ജീവഹാനിക്കിടയായ ഈ സംഭവത്തെ കുറിച്ച് ആരെങ്കിലും കോണ്‍ഗ്രസിനോട് ചോദിച്ചാല്‍ അവര്‍ പറയും. കഴിഞ്ഞത് കഴിഞ്ഞു, അതിനെന്താണെന്ന്. പ്രധാനമന്ത്രി പറഞ്ഞു.
നാല് ഘട്ടമായാണ് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ്. മെയ് 19നാണ് അവസാനഘട്ടം.