ബംഗാള്‍: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ തൃണമൂലുകാരുടെ ആക്രമണം. ഇന്നലെ നോര്‍ത്ത് 24 പര്ഗനാസിന് സമീപം ബാസിര്ഹട്ടിലായിരുന്നു സംഭവം. സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ തൃണമൂലുകാര്‍ കല്ലെറിയുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സായന്തന്‍ ബസുവിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങി വരുന്ന വഴിയിലാണ് സംഭവം. ട്വിറ്ററിലൂടെയാണ് ബാബുല്‍ സുപ്രിയോ ഇക്കാര്യം വ്യക്തമാക്കിയത്.
ചായ കുടിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ തൃണമൂല്‍ ഗുണ്ടകള്‍ ഇവര്‍ക്ക് അരികിലേക്ക് എത്തുകയും, മോശപ്പെട്ട രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തന്റെ വാഹനവും ആക്രമികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി ബാബുല്‍ സുപ്രിയോ വ്യക്തമാക്കി.
ബാബുലിന് നേരെയും ആക്രമണ ശ്രമം ഉണ്ടായെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ആക്രമികളില്‍ നിന്ന് രക്ഷപെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം ബിജെപി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നല്കി. ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായും ബാബുല്‍ സുപ്രിയോ ഫോണില്‍ സംസാരിച്ചു.