കൊല്‍ക്കത്ത: ബിജെപിക്കെതിരെ പകപോക്കല്‍ നടപടി തുടര്‍ന്ന് മമത സര്‍ക്കാര്‍. ബംഗാളിലെ ജാദവ് പൂരില്‍ റോഡ് ഷോ നടത്തുന്നതിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചു. ഇവിടെ ഹെലികോപ്റ്ററില്‍ ഇറങ്ങുന്നതിനുള്ള അനുമതിയും നിഷേധിച്ചിട്ടുണ്ട്. മെയ് 19നാണ് ഇവിടെ അവസാന ഘട്ട തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായുള്ള റാലിയില്‍ സംബന്ധിക്കുന്നതിനായാണ് അമിത് ഷാ ഇവിടെ എത്താനിരുന്നത്. തൃണമൂലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഇതാദ്യമായല്ല ഷായ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയിലും മാല്‍ഡയില്‍ നടന്ന റാലിയില്‍ പങ്കെടുക്കുന്നതിനായി ഹെലികോപ്റ്ററില്‍ ഇറങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് അവസാന നിമിഷമാണ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കിയത്.
ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെയും മമത സര്‍ക്കാര്‍ സമാന രീതിയിലുള്ള നടപടി സ്വീകരിച്ചിരുന്നു. ബംഗാളില്‍ രണ്ട് സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനുള്ള അവസരമാണ് നിഷേധിച്ചത്. ഹെലികോപ്റ്ററില്‍ ഇറങ്ങുന്നതിനുള്ള അനുമതിയും നിഷേധിച്ചിരുന്നു. തുടര്‍ന്ന് റായ്ഗഞ്ചില്‍ നടന്ന പൊതുറാലിയില്‍ ഫോണിലൂടെയാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്.